പത്തനംതിട്ട: സി.പി.ഐയുടെ പത്തനംതിട്ട കോന്നി മണ്ഡലം സമ്മേളനം നിര്‍ത്തിവെച്ചു. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി എ.പി. ജയനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയ വിഷയത്തെച്ചൊല്ലി മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് സമ്മേളനം നിര്‍ത്തിവെച്ചത്. പ്രശ്‌നത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ട് ചര്‍ച്ചകള്‍ തുടരുകയാണ്.
മണ്ഡലം കമ്മിറ്റി അംഗങ്ങളില്‍ ഭൂരിഭാഗവും എ.പി. ജയനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് വാദിച്ചു. ജയനെ മാറ്റിയതോടെ ജില്ലയില്‍ സി.പി.ഐയുടെ സംഘടനാപരമായ കെട്ടുറപ്പ് നഷ്ടപ്പെട്ടതായും, സ്ഥിരം സെക്രട്ടറിയെ നിയമിക്കാന്‍ കഴിയാതെ ആക്ടിങ് സെക്രട്ടറിയെ വെക്കേണ്ടിവന്നത് ഈ തീരുമാനത്തിന്റെ ഫലമാണെന്നും അംഗങ്ങള്‍ ആരോപിച്ചു. രണ്ടുവര്‍ഷം മുന്‍പ് നടന്ന ഈ സംഭവത്തെക്കുറിച്ച് ചൂടേറിയ വാദപ്രതിവാദങ്ങള്‍ ഉണ്ടായതോടെയാണ് സമ്മേളനം നിര്‍ത്തിവെക്കാന്‍ കാരണം.
പുതിയ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി രതീഷ്, സംസ്ഥാന കമ്മിറ്റി അംഗം ഡി. സജി, വി.ആര്‍. ഗോപിനാഥ് തുടങ്ങിയവരുടെ പേരുകള്‍ പരിഗണിച്ചിരുന്നു. എന്നാല്‍, ഇതിനിടയിലാണ് എ.പി. ജയനെ ഒഴിവാക്കിയ വിഷയത്തില്‍ തര്‍ക്കമുണ്ടായത്. സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.