തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തുന്നതിനായി സിപിഎം സംസ്ഥാന സമിതിയിൽ ഇന്നും ചർച്ചകൾ തുടരും. ഭരണവിരുദ്ധ തരംഗം തിരിച്ചടിയായെന്നും നവകേരള സദസ് ഗുണം ചെയ്തില്ലെന്നുമാണ് യോഗത്തിലെ വിലയിരുത്തല്‍. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ സിപിഎംസംസ്ഥാന കമ്മിറ്റിയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. പാർട്ടിയിലും സർക്കാരിലും കനത്ത തിരുത്തൽ വേണമെന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയെ പാർട്ടിയിൽ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുന്നതിന്‍റെ സൂചനയാണ് സംസ്ഥാന സമിതിയിൽ ഉയർന്ന തുറന്ന വിമർശനം. മുഖ്യമന്ത്രിയുടെ ശൈലി തോൽവിക്ക് ആക്കം കൂട്ടിയതായി സംസ്ഥാന സമിതി അംഗങ്ങൾ തുറന്നടിച്ചു. മുഖ്യമന്ത്രിക്കൊപ്പം പാർട്ടി നേതൃത്വത്തിനെതിരെയും വിമർശന ശരങ്ങൾ ഉയർന്നു. ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും സംസ്ഥാന സമിതി അംഗങ്ങൾ കുറ്റപ്പെടുത്തി. ക്ഷേമ പെൻഷനുകൾ മുടങ്ങിയതും സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ കഴിയാതിരുന്നതും തിരിച്ചടിക്ക് കാരണമായതായി സംസ്ഥാന കമ്മറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ഉണ്ടായ വോട്ടു ചോർച്ചയിൽ വലിയ വിമർശനങ്ങളും വാദപ്രതിവാദങ്ങളുമാണ് സംസ്ഥാന സമിതിയിൽ ഉയർന്നത്.
പാർട്ടിയിലും സർക്കാരിലും വലിയ തിരുത്തൽ വേണമെന്ന് സംസ്ഥാന സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. നവകേരള സദസ് ഗുണം ചെയ്തില്ലെന്നും അടിസ്ഥാന വിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകലുന്നതായും എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിംഗിലും വ്യക്തമാക്കിയിരുന്നു. ചില നേതാക്കളുടെ നാവുപിഴ വലിയ ചർച്ചയായെന്നും ആരുടെയും പേര് പരാമർശിക്കാതെ ഗോവിന്ദൻ സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ച . രണ്ടുദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമാണ് മൂന്ന് ദിവസത്തെ സംസ്ഥാന സമിതി ആരംഭിച്ചത്. സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള വിമർശനങ്ങൾ ഇനിയും ഉയരുമെന്നുറപ്പാണ്. സംസ്ഥാന സമിതിയിലെ തുറന്ന ചർച്ചകൾക്ക് ശേഷം സീതാറാം യെച്ചൂരിയും എം.വി. ഗോവിന്ദനും മുഖ്യമന്ത്രിയും ചർച്ചകൾക്ക് മറുപടി പറയും. എന്തായാലും മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയെ പാർട്ടിയിൽ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുന്നതിന്‍റെ സൂചനയാണ് സംസ്ഥാന സമിതിയിൽ ഉയർന്ന തുറന്ന വിമർശനം.