ജിഎസ്ടിയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് വിവേചനം;എഐസിസി വക്താവ് രാജീവ് ഗൗഡ

Thursday, January 9, 2025


തിരുവനന്തപുരം :ബിജെപി സര്‍ക്കാരിന്റെ ജിഎസ്ടി ഘടന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് വിവേചനം കാട്ടുന്നതാണെന്ന് എഐസിസി വക്താവ് പ്രൊഫ.രാജീവ് ഗൗഡ.ബിജെപി സര്‍ക്കാരിന്റെ അശാസ്ത്രീയമായ ജിഎസ്ടി ഘടനയ്ക്കും നികുതികൊള്ളയ്ക്കുമെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി കെപിസിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ 5 വര്‍ഷം കൊണ്ട് 22.26 ലക്ഷം കോടി രൂപ ജിഎസ്ടി അടച്ചെങ്കിലും കേന്ദ്രത്തില്‍നിന്ന് തിരികെ കിട്ടിയത് 6.42 ലക്ഷം കോടി രൂപ മാത്രമാണ്. 3.41 ലക്ഷം കോടി രൂപ അടച്ച ഉത്തര്‍പ്രദേശിന് 6.91 കോടി രൂപ കേന്ദ്രം നല്കി. കേരളം ഒരു രൂപ കേന്ദ്രത്തിനു നല്കുമ്പോള്‍ തിരിച്ചുകിട്ടുന്നത് 50 പൈസ മാത്രമാണ്.

ബിജെപി ഭരണത്തില്‍ ജിഎസ്ടി സംവിധാനം കുത്തഴിഞ്ഞു. 9 തരം ജിഎസ്ടി ഏര്‍പ്പെടുത്തി സങ്കീര്‍ണമാക്കി. 28 ശതമാനം വരെ നികുതിയുണ്ട്. വാഹനങ്ങള്‍, പുകയില, ആര്‍ഭാട ഉല്പന്നങ്ങള്‍ തുടങ്ങിയവയുടെ ജിഎസ്ടി കൂടി ഉള്‍പ്പെടുത്തിയാല്‍ 50 തരം ജിഎസ്ടികളുണ്ട്. 6 വര്‍ഷത്തിനിടയില്‍ 900 ഭേദഗതികള്‍ കൊണ്ടുവന്നു. 200 സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചു. എന്നിട്ടും ആശയക്കുഴപ്പങ്ങള്‍ തുടരുന്നു.

അശാസ്ത്രീയമായ ജിഎസ്ടി ഘടനമൂലം നഷ്ടം സംഭവിക്കുന്നത് സാധാരണക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കുമാണ്. ലൈഫ് ഇന്‍ഷ്വറന്‍സിനും ആരോഗ്യ ഇന്‍ഷ്വറന്‍സിനുമൊക്കെ ഉയര്‍ന്ന നികുതിയാണ്. അതേസമയം വന്‍കിടക്കാര്‍ ലാഭം കൊയ്യുന്നു. കോര്‍പറേറ്റ് നികുതി കുറയ്ക്കുകയും അവര്‍ക്ക് ഇളവുകള്‍ നല്കുകയും ചെയ്യുന്നു.

ശാസ്ത്രീയവും ലളിതവുമായ ജിഎസ്ടി കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തുകയില്ല. ജിഎസ്ടി കൗണ്‍സില്‍ പുനഃസംഘടിപ്പിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യവിഹിതം ലഭിക്കുന്ന രീതിയില്‍ ശാസ്ത്രീയമായ ഘടന ഉണ്ടാക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ജിഎസ്ടി വിഹിതം ലഭ്യമാക്കുമെന്നും രാജീവ് ഗൗഡ ചൂണ്ടിക്കാട്ടി.കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.ജയന്ത്,ദീപ്തിമേരി വര്‍ഗീസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.