‘പുറത്താക്കിയിട്ടും യുഎഇ കോൺസുലേറ്റിൽ നിത്യ സന്ദർശക, തട്ടിപ്പുകാരിയാണെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു’; സ്വപ്നക്കെതിരെ യുഎഇ കോൺസുലേറ്റ് മുൻ ഡ്രൈവറുടെ വെളിപ്പെടുത്തൽ

Jaihind News Bureau
Saturday, July 25, 2020

പുറത്താക്കിയിട്ടും സ്വപ്‌ന സുരേഷ് യു.എ.ഇ കോണ്‍സുലേറ്റിലെ നിത്യ സന്ദര്‍ശകയായിരുന്നെന്ന് സ്വപ്‌ന സുരേഷിന്‍റെ മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം പുറത്ത് പറഞ്ഞെന്ന് കള്ളകേസുണ്ടാക്കിയാണ് തന്നെ ജോലിയില്‍ നിന്നും പുറത്താക്കിയത്. തന്നെ ജോലിയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ “സ്വപ്‌ന ഫ്രോഡാണ്” എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടെന്ന് ഡ്രൈവര്‍ വെളിപ്പെടുത്തി. സ്വപ്‌നയ്ക്ക് 500 കോടിയുടെ ആസ്ഥിയുണ്ടെന്ന് സ്വപ്‌ന തന്നോട് പറഞ്ഞിട്ടുണ്ടെന്നും യുഎഇ കോണ്‍സിലേറ്റിലെ മുന്‍ ഡ്രൈവര്‍ ജയ്ഹിന്ദ് ന്യൂസിനോട് വെളിപ്പെടുത്തി. ഡ്രൈവറുടെ അഭ്യര്‍ത്ഥന പ്രകാരം ജയ്ഹിന്ദ് ടി.വി അദ്ദേഹത്തിന്‍റെ പേര് പുറത്ത് വിടുന്നില്ല.

സ്വപ്ന സുരേഷ് യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരി ആയിരുന്നപ്പോള്‍ തന്നെ മറ്റ് ജീവനക്കാരോട് ധാർഷ്ട്യത്തോടെയാണ് പെരുമാറിയിരുന്നത്. രഹസ്യങ്ങള്‍ ചോരും എന്ന സംശയത്തില്‍ പലരേയും കളളകേസില്‍ കുടുക്കി പുറത്താക്കി. പലരേയും മാനസികമായി പീഢിപ്പിച്ചു. സ്വപ്നയെ കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിട്ടും നിരവധി തവണ അവിടെ വരാറുണ്ടായിരുന്നു. ഇതടക്കമുള്ള രഹസ്യങ്ങള്‍ പുറത്ത് പറയുന്നുവെന്ന് ആരോപിച്ചാണ് തന്നെ പുറത്താക്കിയതെന്ന് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഡ്രൈവര്‍ വെളിപ്പെടുത്തുന്നു.

ഇത്തരത്തില്‍ കളളകേസ് കൊടുത്താണ് തന്നെ പുറത്താക്കിയത്. സത്യം തെളിഞ്ഞിട്ടും ജോലിയില്‍ തിരികെ കയറ്റാന്‍ അനുവദിച്ചില്ല. ഇക്കാര്യത്തില്‍ ശുപാര്‍ശയ്ക്കായി മന്ത്രി കടകംപളളിയെ കണ്ടിരുന്നു. എന്നാല്‍ സ്വപ്‌ന ഫ്രോഡാണെന്നും കേള്‍ക്കുമെന്ന് ഉറപ്പില്ലെന്നും എങ്കിലും പറഞ്ഞു നോക്കാമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. തുടര്‍ന്ന് മന്ത്രി ഫോണ്‍ ചെയ്‌തെങ്കിലും ഇക്കാര്യത്തില്‍ ഇടപെടില്ലെന്നായിരുന്നു സ്വപ്‌ന നല്‍കിയ മറുപടിയെന്നും ഡ്രൈവര്‍ വെളിപ്പെടുത്തുന്നു.

സ്വപ്നയുടെ പ്രവര്‍ത്തികള്‍ എല്ലാം കോണ്‍സുല്‍ ജനറലിന് അറിയാമായിരുന്നു. രഹസ്യ ഇടപാടുകളുടെ വിവരങ്ങള്‍ ചോരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഡ്രൈവര്‍മാര്‍ക്ക് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. ഒരു വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് 500 കോടിയുടെ ആസ്തിയുളളതായി സ്വപ്ന തന്നോട് വെളിപ്പെടുത്തിയതായും ഡ്രൈവര്‍ പറഞ്ഞു.

അതേസമയം ‘സ്വപ്ന ഫ്രോഡ് ആണ്’ എന്ന് സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് നേരിട്ട് അറിയാമായിരുന്നിട്ടും, മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ടി.വകുപ്പിന് കീഴില്‍ സ്വപ്‌നയ്ക്ക് എങ്ങനെ നിയമനം ലഭിച്ചു എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം.