സീറ്റ് വിഭജനത്തിലെ പ്രതിഷേധം; സിപിഎമ്മില്‍ വീണ്ടും അച്ചടക്കനടപടി, കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു

Jaihind Webdesk
Sunday, July 18, 2021

കോഴിക്കോട് : നിയമസഭാ തിര‍ഞ്ഞെടുപ്പിലെ എൽഡിഎഫ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ നടന്ന പ്രതിഷേധത്തിന്‍റെ പേരിൽ സിപിഎമ്മിൽ വീണ്ടും അച്ചടക്കനടപടി. പ്രകടനം നടത്തിയതിന് ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു. പകരം അഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. കെ.പി ചന്ദ്രി, ടി.കെ മോഹന്‍ദാസ് എന്നിവരെ ഏരിയാ കമ്മിറ്റിയില്‍ ഒഴിവാക്കാനും ജില്ലാ നേതൃത്വം തീരുമാനിച്ചു.

സിപിഎം മത്സരിച്ചിരുന്ന കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് നൽകിയതിനെതിരെ ആയിരുന്നു സിപിഎം പ്രവർത്തകർ പരസ്യപ്രതിഷേധം നടത്തിയത്. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നതെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കുറ്റ്യാടി നഗരത്തിൽ രണ്ടു തവണ നടത്തിയ പ്രകടനത്തിൽ പാർട്ടി ജില്ലാ നേതാക്കൾക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. പ്രവർത്തകരുടെ പ്രതിഷേധത്തിനൊടുവിൽ സീറ്റ് സിപിഎം ഏറ്റെടുക്കുകയും പ്രതിഷേധക്കാർ ആവശ്യപ്പെട്ട കെ.പി കുഞ്ഞമ്മദ്കുട്ടിയെ തന്നെ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു.

കുറ്റ്യാടി പഞ്ചായത്തില്‍ കുഞ്ഞമ്മദ് കുട്ടിക്ക് വോട്ട് കുറഞ്ഞതും നേതൃത്വം ഗൗരവത്തിലെടുത്തു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 333 വോട്ടിനാണ് കുഞ്ഞമ്മദ് കുട്ടി സിറ്റിംഗ് എംഎൽഎ പാറയ്ക്കൽ അബ്ദുല്ലയെ പരാജയപ്പെടുത്തിയത്. നടപടിയുടെ ഭാഗമായി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എയെ നേരത്തെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു.