മലപ്പുറം :നിലമ്പൂര്‍ ചുങ്കത്തറ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചതോടെയാണ് എല്‍.ഡി.എഫ് ഭരണം അവസാനിച്ചത്. അവിശ്വാസത്തിനിടെ പഞ്ചായത്തിന് പുറത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ യു ഡി എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു. പോലീസ് സുരക്ഷയിലാണ് അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്.
ഇരുമുന്നണികള്‍ക്കും 10 വീതം അംഗങ്ങളുമായി തുല്യശക്തിയായിരുന്ന ചുങ്കത്തറ പഞ്ചായത്ത് ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി കണ്‍വീനറുടെ ഭാര്യയാണ് നുസൈബ സുധീര്‍.ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. പോലീസ് സുരക്ഷയിലാണ് അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പായി ചുങ്കത്തറയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തിവീശി.
ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, പിവി അന്‍വര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തുണ്ടായിരുന്നു. കുപ്പിയിലും കവറുകളിലുമായി ചാണകവെള്ളവുമായിട്ടാണ് ഇടത് മെമ്പര്‍മാര്‍ എത്തിയത്. ചര്‍ച്ചയ്ക്കിടെ യുഡിഎഫ് വനിതാ മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ദേഹത്തേക്ക് ചാണകവെള്ളം ഒഴിച്ചു. എസ് ടി മെമ്പറെ ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. യുഡിഎഫ് മെമ്പര്‍മാരെ സംരക്ഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും പോലീസ് നോക്കി നിന്നുവെന്നും ആക്രമണങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് മെമ്പര്‍മാര്‍ പറഞ്ഞു.
തൃശൂര്‍ പൂരത്തിന് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടാണ് ചുങ്കത്തറയിലേതെന്ന് നിലമ്പൂര്‍ മുനിസിപ്പാലിറ്റിയുടെത് ഉള്‍പ്പടെയുളള ഭരണം യുഡിഎഫ് തിരിച്ച് പിടിക്കുമെന്ന് വിഎസ് ജോയ് പറഞ്ഞു. യുഡിഎഫ് ഭരണം അട്ടിമറിച്ചവര്‍ തന്നെ ഭരണം തിരിച്ചു പിടിക്കാന്‍ യുഡിഎഫിനൊപ്പം നിന്നുവെന്നും പി .വി. അന്‍വറിനെ യുഡിഎഫ് സംരക്ഷിക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ചുങ്കത്തറയില്‍ ഭരണം നഷ്ടമായത് സി.പി.എമ്മിന് വലിയ തിരിച്ചടിയായപ്പോള്‍ യു.ഡി.എഫ്. പ്രവേശനത്തിന് കാത്തുനില്‍ക്കുന്ന അന്‍വറിന് അത് രാഷ്ട്രീയനേട്ടമായി മാറി.