ഇരട്ടവോട്ട് : സിപിഎം നിലപാടിനെതിരെ രൂക്ഷവിമർശനവുമായി സനല്‍കുമാർ ശശിധരന്‍

Jaihind Webdesk
Thursday, April 1, 2021

കോഴിക്കോട് : ഇരട്ടവോട്ടില്‍ ഇടതുപക്ഷത്തിന്‍റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. വോട്ടർ ലിസ്റ്റിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആക്രമിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ക്രമക്കേടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയാറാകാതെ ഇത് പുറത്തുകൊണ്ടുവന്നവരെ ആക്രമിക്കുന്നതിന് പിന്നില്‍ ആസൂത്രിതമായ ജനവഞ്ചനയാണ് കാണാനാകുന്നത്. വിഷയത്തില്‍ ക്രമക്കേടുകള്‍ പുറത്തുകൊണ്ടു വന്ന  പ്രതിപക്ഷ നേതാവിനെ അഭിനന്ദിച്ച് ഇടത്പക്ഷത്തൊഴികെയുള്ളവർ രംഗത്തുവരികയാണ്.

കള്ളവോട്ട് നടത്തിയാലും തെരഞ്ഞെടുപ്പ് അട്ടിമറിച്ചായാലും ഭരണത്തില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിഭക്തന്മാര്‍ക്കൊപ്പമാണോ ഇടതുപക്ഷത്തുള്ള എല്ലാവരും എന്നറിയാന്‍ വലിയ കൗതുകമുണ്ടെന്നും സനല്‍കുമാർ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

‘വോട്ടര്‍ പട്ടികയിലെ ഗുരുതരമായ ക്രമക്കേട് ഉന്നയിച്ച പ്രതിപക്ഷ നേതാവിനെ ഭരണയിടതുപക്ഷം നേരിടുന്നത് അയാളുടെ അമ്മയ്ക്കും ഏതാനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും ഇരട്ട വോട്ട് ലിസ്റ്റില്‍ ചൂണ്ടിക്കാട്ടിയാണ്. അങ്ങനെയായാല്‍ പോലും നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയല്ലേ അവര്‍ ചെയ്യേണ്ടത്? എന്തുകൊണ്ട് അത് ചെയ്യാതെ ഇത്ര ഗുരുതരമായ വിഷയത്തെ അവര്‍ ചിരിച്ചു തള്ളുന്നു? ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ കൂടുതല്‍ ആസൂത്രിതമായ ഒരു ജനവഞ്ചനയാണ് കാണാന്‍ കഴിയുന്നത്. ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാന്‍ അയച്ച ഇന്നോവയുടെ പിന്നില്‍ മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ചപോലെ പിടിക്കപ്പെട്ടാല്‍ ചര്‍ച്ചകളെ വഴിമാറ്റി വിടാന്‍ ആസൂത്രിതമായി സംഗതികള്‍ പ്ലാന്റ് ചെയ്യുന്നത് ഒരു തുടര്‍ക്കഥയാണ്. വോട്ടര്‍ പട്ടികയിലെ ക്രമക്കേടിനെ എത്ര ലാഘവത്വത്തോടെ ചെന്നിത്തലയുടെ അമ്മയുടെ വോട്ട് പറഞ്ഞു ചിരിച്ചുതള്ളുന്നു എന്ന് നോക്കുക. കള്ളവോട്ട് നടത്തിയാലും ഇലക്ഷന്‍ അട്ടിമറിച്ചായാലും ഭരണത്തില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിഭക്തന്മാര്‍ക്കൊപ്പമാണോ ഇടതുപക്ഷത്തുള്ള എല്ലാവരും എന്നറിയാന്‍ വലിയ കൗതുകമുണ്ട്’.