‘ക്ഷമിക്കാൻ മാത്രമല്ല കർത്താവ് പഠിപ്പിച്ചതെന്ന് എസ്എഫ്ഐയുടെ കുട്ടികുരങ്ങന്മാർ ഓർക്കുന്നത് നല്ലത്’; മതവികാരം വ്രണപ്പെടുത്തിയ എസ്എഫ്ഐ നടപടിക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് കെസിവൈഎം താമരശേരി രൂപത

Jaihind Webdesk
Monday, March 6, 2023

 

ക്രൈസ്തവ വികാരം വ്രണപ്പെടുത്തിയ എസ്എഫ്ഐ പോസ്റ്ററിനെതിരെ രൂക്ഷ വിമർശനവുമായി കെസിവൈഎം താമരശേരി രൂപത. യൂണിവേഴ്സിറ്റി കലോത്സവുമായി ബന്ധപ്പെട്ട് തലശേരി ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്ഐ പതിപ്പിച്ച പോസ്റ്ററുകളിലാണ് ക്രൈസ്തവരുടെ വിശുദ്ധ അടയാളങ്ങളെ അപമാനിക്കുന്ന പരാമർശങ്ങളുള്ളത്. ക്രൈസ്തവ സമൂഹം രക്ഷയുടെ പ്രതീകമായ വിശുദ്ധ കുരിശിനെയും പവിത്രമായ വിശുദ്ധ കുമ്പസാരത്തെയും അപമാനിച്ചുകൊണ്ട് എസ്എഫ്ഐ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും ഒരു സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതുമാണെന്ന് താമരശേരി രൂപത പ്രതികരിച്ചു. ‘ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ചുകൊടുക്കാൻ പറഞ്ഞ ക്രിസ്തുവിനെ അനുഗമിക്കുന്ന ക്രൈസ്തവരുടെ ക്ഷമ എസ്എഫ്ഐയുടെ കുട്ടികുരങ്ങന്മാർ വീണ്ടും വീണ്ടും പരീക്ഷിച്ചാൽ, ക്ഷമിക്കാൻ മാത്രമല്ല കർത്താവ് പഠിപ്പിച്ചത് എന്ന് ഓർക്കുന്നത് നല്ലത്’ – കെസിവൈഎം (കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റ്) ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഓർമ്മിപ്പിക്കുന്നു. നിങ്ങളുടെ ലക്ഷ്യം എന്താണെന്നു പലപ്പോഴായി പൊതുസമൂഹത്തിന് വ്യക്തമാകുന്നുണ്ട്. പക്ഷെ അതിനുപയോഗിക്കുന്ന മാർഗം കുറഞ്ഞ പക്ഷം പിതൃശൂന്യതയുടെ മാർഗമായി തരംതാഴ്ത്തപ്പെടരുതെന്ന് ഓർമിപ്പിക്കുന്നു. എന്ന് രാഷ്ട്രീയ ബോധവും, രാഷ്ട്രബോധവുമുള്ള കത്തോലിക്ക യുവജനത എന്നുപറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. “ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് നിനക്ക് അപകടമാണ്” എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് എഴുതിയിരിക്കുന്ന കുറിപ്പിലാണ് എസ്എഫ്ഐക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുന്നത്.

 

കെസിവൈഎം ഫേസ്ബുക്ക് കുറിപ്പ്:

*ബ്രണ്ണനിലെ SFIയോട് “ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് നിനക്ക് അപകടമാണ്”(അപ്പ-22:14)*
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,
തലശ്ശേരി ബ്രണ്ണൻ കലോത്സവവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമൂഹം രക്ഷയുടെ പ്രതീകമായ വിശുദ്ധ കുരിശിനെയും പവിത്രമായ വിശുദ്ധ കുമ്പസാരത്തെയും അപമാനിച്ചുകൊണ്ട് SFI സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും ഒരു സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതുമാണ്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നത് SFIക്കാരുടെ സ്ഥിരം പല്ലവിയായി തീർന്നിരിക്കുന്നു. ഒരു കരണത്തടിച്ചാൽ മാറുകരണം കാണിച്ചുകൊടുക്കാൻ പറഞ്ഞ ക്രിസ്തുവിനെ അനുഗമിക്കുന്ന ക്രൈസ്തവരുടെ ക്ഷമ SFIയുടെ കുട്ടികുരങ്ങന്മാർ വീണ്ടും വീണ്ടും പരീക്ഷിച്ചാൽ, ക്ഷമിക്കാൻ മാത്രമല്ല കർത്താവ് പഠിപ്പിച്ചത് എന്ന് ഓർക്കുന്നത് നല്ലത്.
ക്രൈസ്തവരുടെ വിശ്വാസത്തെ വികലമായി SFI ഇത്തരത്തിൽ “ആവിഷ്കരിക്കുന്നത്”
ഇത് ആദ്യമായല്ല എന്ന് ഓർമയുണ്ട്. ആവിഷ്കാര സ്വാതന്ത്രം അതിരുകടന്നാൽ
നിങ്ങളുടെ കപട പ്രത്യയശാസ്ത്രത്തെ
ഇതുപോലെ പൊതുവേദിയിൽ ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം ക്രൈസ്തവ യുവതക്ക് ഭരണാഘടന നൽകുന്നുണ്ട് എന്ന കാര്യം മറക്കേണ്ട.
പ്രായത്തിന്റെ തിളപ്പിൽ ചെയ്യുന്നതെന്തും ശരിയാകണമെന്നില്ല എന്ന് നിങ്ങൾക്ക് പറഞ്ഞു തരാൻ ഒരു പ്രത്യേയശാസ്ത്രം പോലും ഇല്ലാത്തതാണ് നിങ്ങളുടെ കുറവ്. “ലക്ഷ്യം കാണാൻ ഏത് മാർഗവും തിരഞ്ഞെടുക്കാം” എന്നതാണല്ലോ നിങ്ങളുടെ താത്വിക ആചാര്യന്മാരുടെ ഉപദേശം.
നിങ്ങളുടെ ലക്ഷ്യം എന്താണെന്നു പലപ്പോഴായി പൊതുസമൂഹത്തിന് വ്യക്തമാകുന്നുണ്ട്. പക്ഷെ അതിനു ഉപയോഗിക്കുന്ന മാർഗം കുറഞ്ഞ പക്ഷം പിതൃശൂന്യതയുടെ മാർഗമായി തരംതാഴ്ത്തപ്പെടരുതെന്ന് ഓർമിപ്പിക്കുന്നു.
എന്ന് രാഷ്ട്രീയ ബോധവും, രാഷ്ട്രബോധവുമുള്ള കത്തോലിക്ക യുവജനത.
*കെ.സി.വൈ.എം.*
*എസ്.എം.വൈ.എം.*
*താമരശ്ശേരി രൂപത*