ദിലീപിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസം; ഫോറന്‍സിക് പരിശോധനാ ഫലം ഇന്ന്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കളമശേരി ജില്ലാ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രാവിലെ 9 മുതൽ രാത്രി 8 വരെയാണ് ചോദ്യം ചെയ്യൽ. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനാഫലവും ഇന്ന് ലഭിക്കും.

അഞ്ച് പ്രതികളേയും വേവ്വേറെ ഇരുത്തിയാണ് മൊഴിയെടുക്കുന്നത്. ഈ മൊഴികളിലെ വൈരുദ്ധ്യം മുൻ നിർത്തിയാകും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ. എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിൽ ആണ് മൊഴി എടുക്കുന്നത്. ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് എസ് പി മോഹനചന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദിലീപിന്‍റെയും സഹോദരന്‍റെയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം ഇന്ന് ലഭിക്കും.

കേസിൽ വിചാരണ നീട്ടണമെന്ന സർക്കാരിന്‍റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ തുടരന്വേഷണം വേണമെന്നാണ് സർക്കാർ വാദം. അതേസമയം സർക്കാരിന്‍റെ ആവശ്യം അംഗീകരിക്കരുതെന്നും വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും   ആവശ്യപ്പെട്ട് ദിലീപും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Comments (0)
Add Comment