
നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ നടന് ദിലീപിനെ തിരിച്ചെടുക്കാനൊരുങ്ങി ചലച്ചിത്ര സംഘടനകള്‍. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഫെഫ്ക, താരസംഘടനയായ അമ്മ എന്നിവര്‍ ഇക്കാര്യത്തില്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ദിലീപ് അപേക്ഷ നല്കുകയാണെങ്കില് യോഗം ചേര്‍ന്ന് തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വ്യക്തമാക്കി. നേരത്തെ, ദിലീപിനെ സസ്പെന്‍ഡ് ചെയ്തെങ്കിലും, ഒരു സിനിമ നിര്‍മ്മിച്ച സമയത്ത് താത്കാലിക മെമ്പര്‍ഷിപ്പ് നല്കി തിരിച്ചെടുത്തിരുന്നു. ഇപ്പോള്‍ ഔദ്യോഗികമായി അപേക്ഷ ലഭിച്ചാല്‍ സ്ഥിര അംഗത്വം പുനഃസ്ഥാപിക്കാനാണ് അസോസിയേഷന്റെ തീരുമാനം.
ദിലീപിന്റെ ഫെഫ്കയിലെ സസ്പെന്ഷന് പുനഃപരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് അറിയിച്ചു. ട്രേഡ് യൂണിയന് എന്ന നിലയില്‍ കുറ്റാരോപിതനായ സമയത്താണ് സസ്പെന്‍ഡ് ചെയ്തതെന്നും, ഇപ്പോള്‍ കോടതി കുറ്റവിമുക്തനാണെന്ന് പറഞ്ഞ സ്ഥിതിക്ക് സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് ദിലീപിന്റെ മൗലികാവകാശമാണെന്നും ബി. ഉണ്ണികൃഷ്ണന് വ്യക്തമാക്കി. ദിലീപ് താത്പര്യം അറിയിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസിന്റെ തുടക്കത്തില്‍, ഒരു കമ്മിറ്റിയും കൂടാതെ, രണ്ട് മണിക്കൂറിനുള്ളില്‍ ദിലീപിനെ പുറത്താക്കിയ സംഘടന ഫെഫ്കയായിരുന്നു.
കേസില്‍ ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോന്റെ അധ്യക്ഷതയില്‍ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി. അമ്മ വൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയ വിധിയില്‍ വ്യക്തിപരമായ സന്തോഷം പ്രകടിപ്പിച്ചു. ‘ദിലീപ് കുറ്റക്കാരന്‍ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനര്‍ത്ഥം ഇരയ്ക്കൊപ്പം അല്ല എന്നല്ല. രണ്ടുപേരും സഹപ്രവര്‍ത്തകരാണ്.’ വിധി ചര്‍ച്ച ചെയ്തെന്നും ഔദ്യോഗിക പ്രതികരണം ഉടന്‍ ഉണ്ടാകുമെന്നും ലക്ഷ്മി പ്രിയ അറിയിച്ചു. അതേസമയം, ‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു’ എന്നാണ് അമ്മ സംഘടന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.