കാസര്‍കോട്: സംസ്ഥാന പൊലീസും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന പ്രതിപക്ഷ ആക്ഷേപങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് മഞ്ചേശ്വരം കോഴക്കേസിലെ കോടതി വിധി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ തിരഞ്ഞെടുപ്പു കേസില്‍ കുറ്റവിമുക്തനാക്കിയ വിധി പ്രസ്താവത്തിലാണ് കോടതിയുടെ സുപ്രധാന പരാമര്‍ശങ്ങള്‍ ഉണ്ടായത്. കേസന്വേഷണത്തിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയതായി കോടതി ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പു കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന നിയമം ലംഘിച്ച് ഒരു വര്‍ഷവും ഏഴു മാസവും കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കാലതാമസം കൃത്യമായി ബോധ്യപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞില്ല. ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദരയുടെ പത്രിക ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചതിന് തെളിവില്ലെന്നും വിധിയില്‍ പരാമര്‍ശമുണ്ട്. കെ സുരേന്ദ്രന്‍ അടക്കം ആറ് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി യായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ച് കെ സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി അംഗീകരിച്ചത്.
മഞ്ചേശ്വരം കോഴക്കേസിലെ വിടുതല്‍ ഹര്‍ജിയില്‍ വാദിയും പ്രതിയും ഒരു കൂട്ടര്‍ തന്നെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അരോപിച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള സിപിഎം ബിജെപി ബാന്ധവത്തിന്റെ ഭാഗമാണ് കെ സുരേന്ദ്രനെതിരായ കേസിലെ വിധി. കേസില്‍ സര്‍ക്കാര്‍ ആവശ്യമായ വാദമുഖങ്ങള്‍ കൃത്യമായി ഉന്നയിച്ചില്ലെന്നും ഒത്തുകളി പ്രകടമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സംഘപരിവാര്‍ കേരളത്തെക്കുറിച്ച് പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയിലൂടെ നടപ്പിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. വിധി പറയുമ്പോള്‍ പോലും പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നത് ഇതിന്റെ ഉദാഹരണമായാണ് ചൂണ്ടിക്കാട്ടുന്നത്. വിധി പകര്‍പ്പില്‍ പോലീസിനെതിരായ വിമര്‍ശനം ഉയര്‍ന്നതോടെ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് പ്രതിപക്ഷം.