ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് ഭീകരാക്രമണങ്ങൾ നടന്നിട്ടില്ലെന്ന പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ പരാമർശത്തിനെതിരേ കോണ്ഗ്രസ് രംഗത്ത്. പത്താൻകോട്ട്, ഉറി ഭീകരാക്രമണങ്ങളിൽ പാക്കിസ്ഥാനു പ്രതിരോധമന്ത്രി ക്ലീൻചിറ്റ് നൽകുകയാണോ എന്ന് കോണ്ഗ്രസ് നേതാവ് പി.ചിദംബരം ചോദിച്ചു.
2014-നുശേഷം പാക്കിസ്ഥാനിൽനിന്നു ഭീകരാക്രമണങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്നു പ്രതിരോധമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഭൂപടം എടുത്തുനോക്കി ഉറിയും പത്താൻകോട്ടും എവിടെയാണെന്നു കണ്ടുപിടിക്കാൻ പ്രതിരോധമന്ത്രിക്കു കഴിയുമോ?. ഈ ആക്രമണങ്ങൾ പാക്കിസ്ഥാനിൽനിന്നല്ല എന്നു പറയുന്നതു വഴി പത്താൻകോട്ട്, ഉറി ആക്രമണങ്ങളിൽ പ്രതിരോധമന്ത്രി പാക്കിസ്ഥാനു ക്ലീൻചിറ്റ് നൽകുകയാണോ?- പി.ചിദംബരം ട്വീറ്റ് ചെയ്തു.
ശനിയാഴ്ചയും പ്രതിരോധമന്ത്രിയുടെ പരാമർശത്തിനെതിരേ കോണ്ഗ്രസ് രംഗത്തെത്തിയിരുന്നു. ബിജെപി ദേശീയ സമ്മേളനത്തിൽ സംസാരിക്കവെയാണ് നിർമല സീതാരാമൻ നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് ഭീകരാക്രമണങ്ങൾ നടന്നിട്ടില്ലെന്നു പറഞ്ഞത്. 2016-ൽ എൻഡിഎ സർക്കാരിന്റെ കാലത്താണ് ഉറി, പത്താൻകോട്ട് ആക്രമണങ്ങൾ നടന്നത്.