ബിനീഷ് ബാസ്റ്റിന്‍-അനിൽ രാധാകൃഷ്ണൻ മേനോൻ വിവാദത്തില്‍ സമവായ ചർച്ച ഇന്ന്

സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനും നടൻ ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള പ്രശ്‌നത്തിൽ ഫെഫ്കയുടെ നേതൃത്വത്തിൽ ഇന്ന് സമവായ ചർച്ച. അനിൽ രാധാകൃഷണമേനോന്‍റെ വിശദീകരണം ഫെഫ്കക്ക് ലഭിച്ച സാഹചര്യത്തിലാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കൊച്ചിയിലെ ഫെഫ്ക ചേമ്പറിലാണ് ചർച്ച. അപമാനിച്ചുവെന്നു ബിനീഷിന്‍റെ പ്രതികരണം വന്ന ഉടൻ ഫെഫ്ക അനിലിനോട് വിശദീകരണം ചോദിച്ചിരുന്നു.

പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്ന കോളേജ് ഡേയില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെയാണ് മുഖ്യാതിഥിയായി സംഘാടകര്‍ തീരുമാനിച്ചിരുന്നത്. മാഗസിന്‍ റിലീസിന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണനെയും. എന്നാല്‍ ബിനീഷ് ബാസ്റ്റിന്‍ വരുന്ന വേദിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് അനില്‍ രാധാകൃഷ്ണന്‍ നിലപാടെടുത്തു. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍റെ മാഗസിന്‍ റിലീസ് ചടങ്ങ് പൂര്‍ത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം ബിനീഷിനോട് എത്തിയാല്‍ മതിയെന്ന് സംഘാടകര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് ബിനീഷ് പാലക്കാട് മെഡിക്കല്‍ കോളജ് ഡേ വേദിയില്‍ കയറി സ്റ്റേജിലെ തറയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

‘ഞാന്‍ മേനോനല്ല. ഞാന്‍ നാഷണല്‍ അവാര്‍ഡ് ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാന്‍ ഒരു ടൈല്‍സ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ശേഷമാണ് വിജയ് സാറിന്‍റെ തെറി എന്ന ചിത്രത്തില്‍ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്.’ ബിനീഷ് പറയുന്നു. വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് തനിക്ക് പറയാനുള്ളത് എഴുതിക്കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ബിനീഷ് ആ കുറിപ്പ് വേദിയില്‍ തുറന്ന് വായിച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ബിനീഷ് വിദ്യാര്‍ത്ഥികളോട് സംസാരിച്ചത്.

അതിഥിയായി വിളിച്ചുവരുത്തിയ ബിനീഷിനെ സ്റ്റേജില്‍ കയറുന്നതില്‍ തടയാനായിരുന്നു കോളേജ് പ്രിന്‍സിപ്പലിന്റെയും യൂണിയന്‍ ഭാരവാഹികളുടെയും ശ്രമം. പോലീസിനെ വിളിക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെയായിരുന്നു ബിനീഷിന്‍റെ പ്രതിഷേധം. സ്റ്റേജിലേക്ക് പോകുന്നതിൽനിന്ന് ബിനീഷിനെ പ്രിൻസിപ്പൽ ഉൾപ്പടെയുള്ള സംഘാടകർ തടയുന്നത് വീഡിയോയിൽ കാണാകനാകും. എന്നാൽ അതൊന്നും വകവെക്കാതെയാണ് ബിനീഷ് സ്റ്റേജിലേക്ക് എത്തിയത്. സ്റ്റേജിലെത്തി ബിനീഷ് കുത്തിയിരുന്നു. ഈ സമയത്തെല്ലാം അനിൽ രാധാകൃഷ്ണൻ മേനോൻ പോഡിയത്തിൽ നിൽക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ദിവസമാണിതെന്ന് ബിനീഷ് പറഞ്ഞു. സാധാരണക്കാരനായ താൻ പങ്കെടുക്കുന്ന ചടങ്ങിൽ സഹകരിക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞതായി കോളജ് ചെയർമാൻ തന്നോട് വെളിപ്പെടുത്തിയപ്പോൾ പ്രതിഷേധിക്കാതെ തരമില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ബിനീഷ് പറഞ്ഞു.

bineesh bastinanil radhakrishna menon
Comments (1)
Add Comment