കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ ഇന്നും സാക്ഷി ചൂണ്ടിക്കാണിച്ച് കൊടുത്ത പോയിന്റുകളില്‍ പ്രത്യേക അന്വേഷണസംഘം കുഴിച്ച് പരിശോധിക്കും. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് പോയന്റുകളില്‍ നടത്തിയ പരിശോധനകളില്‍ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്താനായിട്ടില്ല. ഇന്നലെ എസ്‌ഐടി തലവന്‍ പ്രണബ് മൊഹന്തി ബെംഗളുരുവില്‍ നിന്ന് ധര്‍മസ്ഥലയില്‍ നേരിട്ടെത്തി കാടിനകത്ത് കുഴിച്ച് നോക്കിയ പോയിന്റുകളില്‍ പരിശോധന നടത്തിയിരുന്നു.
സാക്ഷി പറഞ്ഞതനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ എട്ട് പോയിന്റുകളാണ് ഇനി ബാക്കിയുള്ളത്. ഇതില്‍ ഇനി മൂന്നെണ്ണം കാടിനുള്ളിലാണ്. നാല് പോയിന്റുകള്‍ നേത്രാവതി നദിയോട് ചേര്‍ന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്‌നാന ഘട്ടത്തില്‍ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്. കന്യാടി എന്നയിടത്തെ സ്വകാര്യ ഭൂമിയിലും രണ്ട് പോയിന്റുകളുണ്ട് എന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞെങ്കിലും അവിടെ പരിശോധിക്കാന്‍ എസ്‌ഐടിക്ക് പ്രത്യേക അനുമതി വേണ്ടി വരും. ഓരോ പോയിന്റിലും സാക്ഷി ആവശ്യപ്പെടുന്നതിലും കൂടുതല്‍ ചുറ്റളവിലാണ് അന്വേഷണസംഘം കുഴിച്ച് പരിശോധിക്കുന്നത്.
ധര്‍മസ്ഥലയില്‍ നൂറോളം മൃതദേഹം കുഴിച്ചുമൂടിയെന്നാണ് മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. സാക്ഷി കാണിച്ചുകൊടുത്ത എല്ലാ സ്‌പോട്ടുകളിലും പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ജിയോ ടാഗിംഗ് നടത്തിയിട്ടുണ്ട്. ജിയോ ടാഗിംഗിനൊപ്പം സര്‍വേക്കല്ലിന് സമാനമായ ഒരു അടയാളവും ഈ ഭൂമിയില്‍ പതിച്ചിട്ടുണ്ട്. ധര്‍മസ്ഥല ട്രസ്റ്റിന് കീഴിലോ മറ്റ് സ്വകാര്യവ്യക്തികളുടെ പേരിലോ ഉള്ള ഭൂമിയിലെ സ്‌പോട്ടുകള്‍ കുഴിച്ച് പരിശോധിക്കുന്നത് അന്വേഷണ സംഘത്തിന് മുന്നില്‍ വെല്ലുവിളിയാണ്. ഇതിന് കോടതിയുടെ പ്രത്യേക അനുമതി വേണ്ടി വരും. താന്‍ മൃതദേഹം മറവ് ചെയ്ത ഇടത്ത് നിന്ന് കുഴിച്ചെടുത്തതെന്ന് അവകാശപ്പെട്ട് സാക്ഷി കോടതിയില്‍ നല്‍കിയ തലയോട്ടിയിലെയും അതില്‍ പറ്റിയിട്ടുള്ള മണ്ണിന്റെയും ഫൊറന്‍സിക് പരിശോധന തുടങ്ങിയിട്ടുണ്ട്.