ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ ദുരൂഹ മരണങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന കേസില്‍ യൂട്യൂബര്‍ മനാഫിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്തു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം മനാഫിനെ വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. മനാഫിന്റെ മൊഴി വീഡിയോയായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതേ കേസില്‍ മറ്റൊരു യൂട്യൂബറായ അഭിഷേകിന്റെ ചോദ്യം ചെയ്യലും പൂര്‍ത്തിയായി. അഭിഷേകില്‍ നിന്ന് ചില ഡിജിറ്റല്‍ ഉപകരണങ്ങള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച മനാഫ്, ധര്‍മ്മസ്ഥലയില്‍ നടന്ന സംഭവങ്ങള്‍ സത്യസന്ധമാണെന്ന് ആവര്‍ത്തിച്ചു. അവിടെ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്നും, പലര്‍ക്കും നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരള സാരി ഉടുത്ത സ്ത്രീകളെ പോലും അവിടെ കുഴിച്ചിട്ടിട്ടുണ്ടെന്നും, തലയോട്ടി കണ്ടെത്തിയ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് എസ്‌ഐടി ആണെന്നും മനാഫ് പറഞ്ഞു.
ധര്‍മ്മസ്ഥലയില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്ത്രീകളുടേതുള്‍പ്പെടെ നൂറിലധികം മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് ചിന്നയ്യ എന്ന ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി മനാഫ് നിരവധി വീഡിയോകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ഈ വീഡിയോകള്‍ക്ക് പിന്നില്‍ വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ സംശയമുള്ള ജയന്ത് എന്ന യൂട്യൂബറുടെ സഹായമുണ്ടെന്നും ആരോപണമുണ്ട്.
നിലവില്‍, ശുചീകരണ തൊഴിലാളിയായ ചിന്നയ്യയുടെ മൊഴി മാറ്റമാണ് കേസിന് പുതിയ വഴിത്തിരിവായത്. ചിന്നയ്യയുടെ അറസ്റ്റിനും മകളെ കാണാനില്ലെന്ന് അവകാശപ്പെട്ട് വന്ന സുജാത ഭട്ടിന്റെ മൊഴികള്‍ക്കും പിന്നാലെയാണ് അന്വേഷണ സംഘം യൂട്യൂബര്‍മാരിലേക്ക് ശ്രദ്ധ തിരിച്ചത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശിയായ അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഡ്രൈവറാണ് മനാഫ്.