സ്വർണക്കടത്ത് കേസിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വിവാദത്തിൽ; സ്വർണക്കടത്തു സംഘത്തിന് ഫ്ലാറ്റ് ബുക്ക് ചെയ്ത അരുൺ ബാലചന്ദ്രനുമായി ഡിജിപിക്ക് അടുത്തബന്ധം

Jaihind News Bureau
Thursday, July 16, 2020

സ്വർണക്കടത്ത് കേസിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വിവാദത്തിൽ. സ്വപ്നയുടെ ഭർത്താവിന് മുറി ഏർപ്പാക്കിയ അരുൺ ബാലചന്ദ്രനുമായി ഡിജിപിക്ക് അടുത്തബന്ധം. ഡിജിപിയുടെ ഫോട്ടോ ഷൂട്ട് ഒരുക്കിയത് അരുൺ. അരുണിന് വിവിധ മേഖലകളിലെ ഉന്നതരുമായും അടുത്ത ബന്ധം.

കൊച്ചിയിൽ ഫാഷൻ മാഗസീനിന്‍റെ ചുമതലയിലുള്ളപ്പോൾ നടത്തിയ പാർട്ടികളിലൂടെയാണ് അരുൺ ബാലചന്ദ്രൻ ഉന്നതരുമായി അടുക്കുന്നത്. സിനിമാ മേഖലയിലും രാഷ്ട്രീയ രംഗത്തുമെല്ലാം സ്വാധീനം ഉറപ്പിച്ചു. അരുണിന്‍റെ ബിസിനസിൽ കള്ളക്കടത്തുകേസിലെ പിടികിട്ടാപ്പുള്ളി ഫൈസൽ ഫരീദ് പണം മുടക്കിയിട്ടുണ്ടെന്ന സൂചനകളെത്തുടർന്ന് എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ, അരുണിന്‍റെ ഫേസ്ബുക് പേജ് അപ്രത്യക്ഷമായി. യുഎഇ ഭരണകൂടത്തിലെ പ്രമുഖനുമായി നിൽക്കുന്ന ചിത്രവും സിനിമാ ബന്ധവും രാഷ്ട്രീയ ബന്ധവും വ്യക്തമാക്കുന്ന ഫോട്ടോകളാണ് ഫേസ്ബുക് പ്രൊഫൈലിൽ ഉണ്ടായിരുന്നത്.

സിപിഎം നേതാവിന്‍റെ മകനുമായുള്ള സൗഹൃദം സർക്കാരിൽ ഉന്നത പദവികൾ ലഭിക്കുന്നതിന് സഹായിച്ചുവെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. സിനിമാ മേഖലയിലെ പ്രശസ്തരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. തന്നെ സ്വർണക്കടത്തു സംഘവുമായി പരിചയപ്പെടുത്തിയത് അരുണാണെന്നാണ് ശിവശങ്കറിന്‍റെ മൊഴി. സർക്കാർ ഉദ്യോഗസ്ഥരെ സ്വർണക്കടത്തു സംഘം കുരുക്കിൽപ്പെടുത്തുകയായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.