ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ചികിത്സക്കായി ഇനിമുതല്‍ വിരാഫിന്‍ മരുന്നും ഉപയോഗിക്കാം. തീവ്രത കുറഞ്ഞ കൊവിഡ് രോഗബാധിതരുടെ ചികിത്സയ്ക്കാണ് വിരാഫിന്‍ മരുന്നിന് ഡി.ജി.സി.എ അടിയന്തര ഉപയോഗ അനുമതി നല്‍കിയത്. പ്രായപൂര്‍ത്തിയായവരിലെ തീവ്രത കുറഞ്ഞ കോവിഡ് രോഗബാധയ്ക്കാണ് വിരാഫിന്‍ ഉപയോഗിക്കുക. വിരാഫിന്‍ നല്‍കിയ 91.15 ശതമാനം രോഗികളും ഏഴുദിവസത്തിനകം ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ നെഗറ്റീവ് ആയതായി വിരാഫിന്‍ നിർമ്മാതാക്കളായ സൈഡസ് കാഡില ഫാര്‍മസ്യൂട്ടിക്കല്‍സ് അറിയിച്ചു. ഒരു ഡോസ് വിരാഫിന്‍ തൊലിക്കടിയിലേക്ക് കുത്തിവെക്കുകയാണ് ചെയ്യുന്നത്.
രോഗികള്‍ക്ക് ഓക്‌സിജന്‍ പിന്തുണ നല്‍കേണ്ടതിന്‍റെ ആവശ്യകത കുറയ്ക്കുന്നതും രോഗമുക്തരാകാനുള്ള സമയം കുറയ്ക്കുന്നതുമാണ് വിരാഫിന്‍ എന്ന് കമ്പനി അവകാശപ്പെടുന്നു. വേഗത്തില്‍ രോഗമുക്തി നേടാനും നിരവധി സങ്കീര്‍ണതകള്‍ ഒഴിവാക്കാനും വിരാഫിന് സാധിക്കുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. ഡോക്ടറുടെ കുറിപ്പടിയോടെ ആശുപത്രികളിലും മറ്റും ഉപയോഗിക്കാന്‍ വിരാഫിന്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ 20-25 കേന്ദ്രങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കേണ്ടതിന്‍റെ ആവശ്യകത വിരാഫിന്‍ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് ചികിത്സയിലെ വലിയ വെല്ലുവിളിയായി പരിഗണിക്കപ്പെടുന്ന ശ്വാസതടസ്സം-ബുദ്ധിമുട്ട് എന്നിവയെ നിയന്ത്രിക്കാന്‍ വിരാഫിന് കഴിയുമെന്നാണ് കണക്കാക്കുന്നത്. മറ്റ് വൈറല്‍ രോഗബാധകള്‍ക്കെതിരെയും വിരാഫിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.