സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ധൂർത്തിന് കുറവില്ല; സംസ്ഥാനത്തെ വികസന പദ്ധതികള്‍ അവതാളത്തില്‍

Jaihind Webdesk
Tuesday, December 5, 2023

 

തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ വെറും നാല് മാസം മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തെ വികസന പദ്ധതികൾ അവതാളത്തിൽ. കടുത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 38,629.19 കോടി രൂപയുടെ പദ്ധതി വിഹിതത്തില്‍ 40.36 ശതമാനമേ ചെലവഴിച്ചിട്ടുള്ളൂ. അതേസമയം സാമ്പത്തികസ്ഥിതി അതിദയനീയമായിട്ടും ധൂർത്ത് അവസാനിപ്പിക്കാന്‍ സർക്കാർ തയാറാകുന്നില്ല.

സംസ്ഥാനത്തിന്‍റെ കേന്ദ്ര വായ്പയ്ക്കുള്ള സാധ്യത കൂടി അടഞ്ഞതോടെ വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് സംസ്ഥാന സർക്കാർ. പദ്ധതി നിർവഹണം എങ്ങനെ പൂർത്തിയാക്കും എന്നതാണ് സർക്കാരിനു മുന്നിലെ പ്രധാന വെല്ലുവിളിയായി ഉയരുന്നത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. മുൻകൂർ അനുമതി ഇല്ലാതെ പിൻവലിക്കാവുന്ന തുക ഒരു ലക്ഷമാക്കി കുറച്ചു. വീടില്ലാത്തവർക്ക് വീടു നിര്‍മിച്ചുനല്‍കുന്ന ലൈഫ് പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ് . 717 കോടി രൂപയാണ് ഈ വര്‍ഷം ലൈഫ് പദ്ധതിക്കായി ചെലവഴിക്കാന്‍ ബജറ്റില്‍ വകയിരുത്തിയത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം ഇതുവരെയുള്ള കണക്കില്‍ 2.69 ശതമാനം തുക മാത്രമേ ചെലവഴിച്ചിട്ടുള്ളൂ.

പ്രളയത്തിനുശേഷം അറ്റകുറ്റപ്പണികൾക്കായി 904.83 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും ഇതിൽ 15.37 ശതമാനം മാത്രമാണ് നൽകാനായത്. സാമൂഹിക സുരക്ഷാപദ്ധതികള്‍ക്ക് നീക്കിവെച്ചിരുന്ന തുകയിൽ നിന്ന് 33.67 ശതമാനമാണ് ചെലവഴിച്ചത്. വയോമിത്രം പദ്ധതിയില്‍ 39.16 ശതമാനവും ആശ്വാസകിരണത്തില്‍ 27.76 ശതമാനവും മാത്രമാണ് പ്രതിസന്ധി മൂലം സർക്കാരിന് നൽകാനായത്. ഇത്തരത്തിൽ വികസന ക്ഷേമ പദ്ധതികൾ എല്ലാം അവതാളത്തിലായിരിക്കുകയാണ്.