ന്യൂഡല്‍ഹി : മലബാറിന്‍റെ വിവിധ റെയില്‍വേ വികസന വിഷയങ്ങളിലെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി റെയില്‍വേ സഹമന്ത്രി സുരേഷ് അങ്ങാടിയെയും, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍ ലാന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി വൈസ് ചെയര്‍മാന്‍ വേദ് പ്രകാശ് ദുദേജയെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
പാലക്കാട് ഡിവിഷന്‍റെ വിവിധ ആവശ്യങ്ങളോടൊപ്പം, ഡിവിഷനിലെ ഒരേ ഒരു A 1 കാറ്റഗറിയില്‍പ്പെടുന്ന സ്റ്റേഷനായ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍റെ വികസന വിഷയങ്ങളും ചര്‍ച്ച ചെയ്തു. തിരക്കേറിയ സമയങ്ങളില്‍ 75,000 ത്തോളം യാത്രക്കാര്‍ വരെ ആശ്രയിക്കുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെട്ട ഒന്നാണെന്നും എം.പി മന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ സൂചിപ്പിച്ചു.
മലബാറിന്‍റെ പ്രധാന റെയില്‍വേ ആവശ്യങ്ങളായ പിറ്റ് ലൈന്‍, കോഴിക്കോട് – ബാംഗ്ലൂര്‍ റൂട്ടില്‍ ഇന്‍റര്‍ സിറ്റി ട്രെയിനുകള്‍ ആരംഭിക്കല്‍, കോഴിക്കോട് – മംഗലാപുരം,കോഴിക്കോട് – കോയമ്പത്തൂര്‍, കോഴിക്കോട് – എറണാകുളം റൂട്ടുകളില്‍ മെമു സര്‍വീസുകള്‍ ആരംഭിക്കുക, 16511 ബാംഗ്ലൂര്‍ – കണ്ണൂര്‍ ട്രെയിന്‍ സര്‍വീസ് കോഴിക്കോട് വരെ നീട്ടുക, 56652 കണ്ണൂര്‍ – കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ ഷൊര്‍ണൂര്‍ വരെ നീട്ടുക, ഫറോക്ക് അല്ലെങ്കില്‍ വെസ്റ്റ് ഹില്‍ സ്റ്റേഷനെ കോഴിക്കോടിന്‍റെ രണ്ടാം ടെര്‍മിനലായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.
ഇതില്‍ ബാംഗ്ലൂര്‍ റൂട്ടില്‍ ട്രെയിനുകളുടെ അപര്യാപ്തതയും, എന്‍.എച്ച് 766 ലെ രാത്രി യാത്രാ നിരോധനവും കാരണം മലബാറില്‍ നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രക്കാര്‍ വളരെയേറെ ബുദ്ധിമുട്ടനുഭവിക്കുന്നതായും എം.കെ രാഘവന്‍ എം.പി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിഷയങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി എം.പി ക്ക് ഉറപ്പ് നല്‍കി. അതോടൊപ്പം റെയില്‍ ലാന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി വൈസ് ചെയര്‍മാനുമായുള്ള കൂടികാഴ്ചയില്‍ സതേണ്‍ റെയില്‍വേ പ്രൊപ്പോസല്‍ ലഭ്യമാകുന്ന മുറയ്ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനം നടത്താമെന്നും അറിയിച്ചു.