ന്യൂഡല്‍ഹി: നിതി ആയോഗിന്റെ വാര്‍ഷിക ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് കേരളമുള്‍പ്പെട മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വിട്ടു നിന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് കേരളം, കര്‍ണ്ണാടക, പുതുച്ചേരി സംസ്ഥാനങ്ങള്‍ വിട്ടു നിന്നത്. കേരളത്തില്‍ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കില്ലെന്ന് നേരത്തേ വിവരമുണ്ടായിരുന്നു.
2047 ല്‍ വികസിത ഭാരതം എന്നതാണ് യോഗത്തിന്റെ പ്രമേയം. സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ‘ടീം ഇന്ത്യ’യായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. നിതി ആയോഗിന്റെ പത്താമത് ഭരണസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ സംസ്ഥാനവും ആഗോള നിലവാരത്തിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ‘ഓപ്പറേഷന് സിന്ദൂറി’നും പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങള്‍ക്കും ശേഷം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ പ്രധാന യോഗമാണിത്.
വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യ അതിവേഗം നഗരവല്‍ക്കരിക്കപ്പെടുകയാണ്. നമ്മള് ഭാവിക്ക് അനുയോജ്യമായ നഗരങ്ങള്‍ക്കായി പ്രവര്‍ത്തിക്കണം. ഓരോ സംസ്ഥാനവും വികസിതമാകണം, ഓരോ നഗരവും വികസിതമാകണം, ഓരോ നഗരസഭയും വികസിതമാകണം, ഓരോ ഗ്രാമവും വികസിതമാകണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണം. ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ വികസിത ഭാരതമാകാന്‍ 2047 വരെ കാത്തിരിക്കേണ്ടി വരില്ല,’ പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളെ തൊഴില്‍ ശക്തിയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. അവരെ ആദരവോടെ തൊഴില്‍ ശക്തിയില്‍ സംയോജിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ നിയമങ്ങളും നയങ്ങളും രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്, കര്‍ണാടക മുഖ്യമന്ത്രി, പുതുച്ചേരി മുഖ്യമന്ത്രി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.