ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡിനെ പുറത്താക്കണമെന്നും ദേവസ്വം മന്ത്രിക്ക് പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സ്വര്‍ണ്ണ മോഷണത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അറിവുള്ളതായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഹൈക്കോടതി വിധി. കേരള സര്‍ക്കാരിനെ വിശ്വാസമില്ലാത്തതിനാലാണ് ഹൈക്കോടതിയോട് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ എസ്.ഐ.ടിക്ക് നിര്‍ദ്ദേശം നല്‍കിയത്.
സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊള്ളയാണ് നടന്നതെന്ന് ഭംഗ്യന്തരേണ വ്യക്തമാക്കുന്നതാണ് ഹൈക്കോടതി ഉത്തരവ്. വിശ്വാസികളുടെ മനസിന് കുളിര്‍മ നല്‍കുന്ന ഉത്തരവാണ് ഹൈക്കോടതിയുടേത്. അത് സ്വാഗതാര്‍ഹമാണ്. ഈ വിഷയത്തില്‍ സര്‍ക്കാരും പ്രതിക്കൂട്ടിലാണ്. അവര്‍ക്കെതിരെയും നടപടിയുണ്ടാകണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ശബരിമലയില്‍ നിന്ന് വരുന്നത് അത്യന്തം ദുരൂഹമായ കാര്യങ്ങളാണ്.സ്വര്‍ണ്ണപ്പാളിക്ക് പുറമെ യോഗദണ്ഡ്, രുദ്രാക്ഷമാല ഉള്‍പ്പെടെ നഷ്ടമായെന്ന വാര്‍ത്തകളാണ് വരുന്നത്. ഭീകരമായ തീവെട്ടിക്കൊള്ളയാണ് നടന്നിരിക്കുന്നത്. ഈ മോഷണം എല്ലാം പുറത്തുവന്നത് ഹൈക്കോടതിയുടെ ഇടപെടല്‍ കൊണ്ടാണ്. എന്നിട്ടും സര്‍ക്കാരിന് ഒരു കൂസലുമില്ല. ഇടനിലക്കാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ദുരൂഹ ഇടപെടലുകളെ സംബന്ധിച്ച് ദേവസ്വം വിജിലന്‍സും ഹൈക്കോടതി നിയോഗിച്ച എഡിജിപിയും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അതെല്ലാം സര്‍ക്കാര്‍ പൂഴ്ത്തി. സ്വര്‍ണ്ണ മോഷണത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാനുള്ള ശക്തമായ പോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.