ശബരിമല വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധി ഉണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതവും പ്രയോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുക്കേണ്ടതുണ്ട്. സുപ്രീംകോടതി അക്കാര്യവും പരിശോധിക്കണം. ശബരിമലയില്‍ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കണമെന്നും സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണമെന്നുമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്. 2016 ഫെബ്രുവരി 5 ന് ഇത് സംബന്ധിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന ഇപ്പോഴത്തെ ഇടതു സര്‍ക്കാര്‍ അത് തിരുത്തി പ്രയഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഇടതു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചപ്പോള്‍ ഇടതു മുന്നണിയുടെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡ് നേര്‍ വിപരീതമായി സ്ത്രീ പ്രവേശനത്തിന് നിയന്ത്രണം വേണമെന്നാണ് നിലപാടാണ് സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടി ഇടതു മുന്നണി സ്വീകരിച്ച് ഈ ഇരട്ട നിലപാട് കേസിനെ പ്രതികൂലമായി ബാധിക്കുകയും ഇത്തരമൊരു വിധിക്ക് വഴി വയ്ക്കുകയും ചെയ്തു. സംസ്ഥാനത്ത് ഭരണം നടത്തുന്ന ഇടതു മുന്നണി വ്യക്തമായ നിലപാടെടുക്കാതെ കള്ളക്കളി നടത്തിയതാണ് ഇത്തരമൊരു വിധിക്ക് കാരണമായത്.

രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും വിശ്വാസവും ആചാരങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അത് ലംഘിക്കപ്പെടുന്നത് വലിയ ഒരു ജനസമൂഹത്തിന് മുറിവുണ്ടാക്കും. അതിനാല്‍ ദേവസ്വം ബോര്‍ഡ് എത്രയും വേഗം പുനപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Ramesh Chennithala
Comments (0)
Add Comment