ശബരിമലയിൽ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് ദേവസ്വം ബോർഡ്; പ്രതിഷേധവുമായി ഭക്തർ

Jaihind Webdesk
Friday, October 11, 2024

 

പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം ദേവസ്വം ബോർഡിന്‍റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ ദേവസ്വം ബോർഡിന്‍റെ തീരുമാനം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം വ്യാപക പ്രതിഷേധം ഉയരുമെന്നും ആചാര സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.

മണ്ഡല മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. രാവിലെ 3 മണി മുതൽ 1മണി വരെയും ഉച്ചക്ക് 3 മണി മുതൽ 11 മണി വരെയുമാണ് ദർശനത്തിനുളള സമയം ഒരുക്കിയിരിക്കുന്നത്. വിശ്വാസികൾക്ക് പരമാവധി സൗകര്യം ഒരുക്കുകയാണ് ദേവസ്വം ബോർഡിന്‍റെ ലക്ഷ്യമെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറയുന്നത്.