SABARIMALA GOLD SCAM| വാസുവിന്‍റെ ‘സ്വര്‍ണ്ണം ചെമ്പാക്കല്‍ മാജിക്’; അംഗീകാരം നല്‍കിയത് പത്മകുമാര്‍: സി.പി.എമ്മിന് ഇനിയും ഞെട്ടാന്‍ വകയുണ്ട്

Jaihind News Bureau
Wednesday, November 12, 2025

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു ശബരിമല സ്വര്‍ണ്ണപ്പാളിക്കടത്ത് കേസില്‍ ജയിലിലായത് സി.പി.എമ്മിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കുന്നതാണ് സിപിഎമ്മിന്റെ മാനസപുത്രന്‍ വാസുവിന്റെ ഈ അറസ്റ്റ്. എന്നാല്‍, ഈ തിരിച്ചടികള്‍ ഇവിടെ അവസാനിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. 2019-ല്‍ സ്വര്‍ണ്ണം പൊതിഞ്ഞ കട്ടിളപ്പാളിയെ ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തി കടത്താനായി അന്ന് ദേവസ്വം കമ്മീഷണറായിരുന്ന വാസു നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചത് അന്നത്തെ ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറാണ്. ഈ സാഹചര്യത്തില്‍, അന്വേഷണം അടുത്തതായി പത്മകുമാറിലേക്ക് എത്തുമെന്നത് ഏതാണ്ട് ഉറപ്പാണ്.

പത്തനംതിട്ട ജില്ലയിലെ മുതിര്‍ന്ന സി.പി.എം. നേതാവും കോന്നി മുന്‍ എം.എല്‍.എയുമാണ് എ. പത്മകുമാര്‍. ശബരിമലയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയായതിനാല്‍, കട്ടിളപ്പാളികള്‍ സ്വര്‍ണ്ണം പൊതിഞ്ഞതാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. എന്നിട്ടും വാസുവിന്റെ ‘ചെമ്പ്’ റിപ്പോര്‍ട്ടിന് എന്തിനാണ് അംഗീകാരം നല്‍കിയതെന്ന ചോദ്യത്തിന് പത്മകുമാര്‍ ഉടന്‍ മറുപടി പറയേണ്ടിവരും. എന്‍. വാസുവിനെ അടുത്ത ദിവസങ്ങളില്‍ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് നീക്കം. ഈ ചോദ്യം ചെയ്യലില്‍ വാസു പത്മകുമാറിനെതിരെ എന്തെങ്കിലും മൊഴി നല്‍കിയാല്‍, അദ്ദേഹത്തിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വേഗത കൂടും. നിലവില്‍ തന്നെ പത്മകുമാറിന് ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതെല്ലാം നല്‍കുന്ന സൂചന, അടുത്തതായി അന്വേഷണം എത്തുന്നത് പത്മകുമാറിലേക്കാണ് എന്ന് തന്നെയാണ്.