
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിക്കാനുള്ള നീക്കം സ്വാഗതാര്‍ഹമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്.
ഇടതുഭരണത്തില്‍ വൃശ്ചിക മണ്ഡലകാലത്ത് നട തുറക്കുമ്പോള്‍ സ്വാമി അയ്യപ്പന്റെ വിഗ്രഹം ശബരിമലയില്‍ നിന്ന് അപ്രത്യക്ഷമാകുമോയെന്ന ആശങ്ക ഭക്തരുടെ മനസിലുണ്ടായിരുന്നു. അതിനിടെയാണ് ഒരു മാര്‍ക്സിസ്റ്റ് നേതാവിനെ ഒഴിവാക്കി സത്യസന്ധനും നീതിമാനും നിഷ്പക്ഷനുമായ കെ. ജയകുമാറിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവിയില്‍ കമ്യുണിസ്റ്റ് നേതാവിനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതാണ്.കമ്യൂണിസ്റ്റ് നേതാക്കളായ മുന്‍ ദേവസ്വം പ്രസിഡന്റുമാരായ പത്മകുമാര്‍,വാസു, പ്രശാന്ത് എന്നിവരെല്ലാം സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികളാണ്. ദേവസ്വം മന്ത്രി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ മാര്‍ക്സിസ്റ്റ് നേതാക്കള്‍ എന്നിവര്‍ക്കെല്ലാം ഈ കൊള്ളയില്‍ പങ്കുണ്ടെന്ന സര്‍ക്കാരിന്റെ കുറ്റസമ്മതം കൂടിയാണ് കെ.ജയകുമാറിന്റെ നിയമനമെന്നും ഹസന് പറഞ്ഞു.
ഹൈക്കോടതി പരാമര്‍ശം ഉണ്ടായത് കൊണ്ടുമാത്രമാണ് നിലവിലെ പ്രസിഡന്റിന്റെ കലാവധി നീട്ടി നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ രാജ്യാന്തര കൊള്ളസംഘത്തിന് പങ്കുണ്ടോയെന്ന സംശയമാണ് ഹൈക്കോടതി പങ്കുവെച്ചത്. ഇപ്പോള്‍ നടക്കുന്ന പ്രത്യേക അന്വേഷണം കൂടുതല്‍ ഊര്‍ജിതപ്പെടുത്തണം.സര്‍ക്കാരിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഈ കൊള്ളയില്‍ ഉള്‍പ്പെട്ട എല്ലാ കുറ്റവാളികളെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഹസന് പറഞ്ഞു.