സാമൂഹ്യമാധ്യമങ്ങളിലടക്കം വിമര്‍ശനം; വിവാദ നോട്ടീസ് പിന്‍വലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Jaihind Webdesk
Saturday, November 11, 2023


ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇറക്കിയ നോട്ടീസ് വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചു. വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നോട്ടീസ് പിന്‍വലിക്കാന്‍ ദേവസ്വം പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയത്. ഉള്ളടക്കത്തിലുണ്ടായ പിഴവ് ദേവസ്വം സെക്രട്ടറി അന്വേഷിക്കും. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശന വിളംബരത്തിനായി നടന്ന പോരാട്ടത്തെ വിസ്മരിക്കുന്നുവെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. മനസ്സില്‍ അടിഞ്ഞ ജാതി ചിന്ത പെട്ടെന്ന് പോവില്ലെന്ന് പറഞ്ഞ് നോട്ടീസിനെ ദേവസ്വം മന്ത്രിയും തള്ളി.

ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87 ആം വാര്‍ഷികപരിപാടിയുടെ നോട്ടീസിനെ ചൊല്ലിയാണ് വിവാദം. അടിമുടി രാജഭക്തി വെളിവാക്കുന്ന ബോര്‍ഡിന്റെ നോട്ടീസില്‍ പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാര്‍ എന്നും തമ്പുരാട്ടിമാര്‍ എന്നും ക്ഷേത്രപ്രവേശനത്തിന് കാരണം രാജാവിന്റെ കരുണയാണെന്ന് വരെ തോന്നിപ്പിക്കുന്നുവെന്നാണ് വിമര്‍ശനം. ഇടത് സര്‍ക്കാറിന്റെ കീഴിലെ ഇടത് നേതാവുകൂടി പ്രസിഡണ്ടായ ബോര്‍ഡ് ഇത്തരമൊരു നോട്ടീസ് ഇറക്കരുതായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനമുയര്‍ന്നു. ഒടുവില്‍ പരിപാടിയിലെ ഉദ്ഘാടകന്‍ കൂടിയായ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് നോട്ടീസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പ്രയോഗങ്ങളില്‍ ചില പിഴവുണ്ടായെന്ന് നോട്ടീസ് തയ്യാറാക്കിയ ദേവസ്വം ബോര്‍ഡിന് കീഴിലെ സാംസ്‌ക്കാരിക പുരാവസ്തു ഡയറക്ടര്‍ ബി മധുസൂദനന്‍ നായര്‍ സമ്മതിച്ചിരുന്നു. പക്ഷെ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ മാത്രം ഇറക്കിയതാണെന്നും ഡയറക്ടര്‍ വിശദീകരിച്ചിരുന്നു. നോട്ടീസ് ഇറക്കിയതിനെ കുറിച്ച് പരിശോധിക്കാനാണ് ബോര്‍ഡ് തീരുമാനം.