കഴിഞ്ഞ സര്‍ക്കാരിന്‍റെ സമയത്ത് പ്രതിപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്ന സ്വകാര്യ ബ്രൂവറികള്‍ പുതിയ മാര്‍ഗ്ഗത്തിലൂടെ തുടങ്ങുന്നതിനു വേണ്ടിയാണ് ഐ.ടി. പാര്‍ക്കുകളില്‍ പബ്ബുകളും വൈന്‍ പാര്‍ലറുകളും അനുവദിക്കാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.
മദ്യത്തിന്‍റെ ലഭ്യതയും ഉപയോഗവും കുറയ്ക്കുവാന്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കുമെന്ന എല്‍.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനത്തിന്‍റെ ലംഘനം കൂടിയാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം. യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത അഞ്ചു കടലാസു കമ്പനികള്‍ക്ക് ഡിസ്റ്റിലറികളും ബ്രൂവറികളും തുടങ്ങാന്‍ അനുവാദം നല്‍കിയ കഴിഞ്ഞ സര്‍ക്കാരിന്‍റെ തീരുമാനത്തിലെ അഴിമതിയും കേരളത്തില്‍ മദ്യപ്പുഴ ഒഴുക്കുവാനുമുള്ള നീക്കത്തിനെതിരെയും ശക്തമായ എതിര്‍പ്പാണ് പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നത്. എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചെങ്കിലും പ്രസ്തുത അജണ്ട ഇപ്പോഴും സര്‍ക്കാരിനുണ്ടെന്നാണ് പുതിയ പ്രഖ്യാപനം വ്യക്തമാക്കുന്നത്.
പബ്ബുകള്‍ക്കൊപ്പം ബ്രൂവറികളും ആവശ്യമാണ്. കാരണം ഇരുപത്തിനാലു മണിക്കൂറിലധികം പഴകാത്ത ബിയറാണ് പബ്ബുകളില്‍ വിതരണം ചെയ്യുന്നത്. സാഹചര്യവും ലഭ്യതയും മദ്യപാനാസക്തി വര്‍ദ്ധിപ്പിക്കുമെന്നുള്ളതിനാല്‍ സര്‍ക്കാരിന്‍റെ പുതിയ നീക്കം ദൂരവ്യാപകമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. ഓരോ നാടിന്‍റെയും സംസ്കാരം മുന്‍ നിര്‍ത്തിയാണ് മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നത്. പബ്ബുകള്‍ ഇല്ലാത്തതിനാല്‍ കേരളത്തിലേക്ക് ഐ.ടി. കമ്പനികള്‍ വരുന്നില്ലായെന്ന സര്‍ക്കാര്‍ നിഗമനം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഐ.ടി. പാര്‍ക്കുകളില്‍ പബ്ബുകള്‍ അനുവദിച്ചാല്‍ നാളെ മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഇതേ ആവശ്യം മുന്നോട്ടുവെക്കും. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ മദ്യപാനികളും രോഗികളുമാക്കി മാറ്റാന്‍ മാത്രമേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂവെന്നും പ്രസ്തുത നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍ മാറണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.