സരിത എസ് നായരും സംഘവും ഉൾപ്പെട്ട നിയമന തട്ടിപ്പു വിവാദത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്

Jaihind News Bureau
Tuesday, December 15, 2020

സോളാർ വിവാദ നായിക സരിത എസ് നായരും സംഘവും ഉൾപ്പെട്ട നിയമന തട്ടിപ്പു വിവാദത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉന്നതരായ ഇടത് നേതാക്കളുമായുളള അടുത്ത ബന്ധം ഉപയോഗിച്ചാണ് ബിവറേജസ് കോർപ്പറേഷനിലടക്കം സരിതാ നായർ നിയമന തട്ടിപ്പ് നടത്തിയത്. കോർപ്പറേഷന്‍റെ പേരിലുള്ള വ്യാജ നിയമന ഉത്തരവുകളും ശബ്ദരേഖയും കണ്ടെത്തിയതോടെ തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

ബിവറേജസ് കോർപറേഷനിൽ നിയമനം വാഗ്ദാനം ചെയ്തു സരിതാ നായരും സംഘവും ലക്ഷങ്ങൾ തട്ടിയതിന്‍റെ മൊഴിപ്പകർപ്പു പുറത്തുവരുമ്പോൾ
കേസിലെ ദുരൂഹത വർദ്ധിക്കുകയാണ്. കോർപറേഷന്‍റെ പേരിലുള്ള വ്യാജ നിയമന ഉത്തരവും സരിതയുടെ ശബ്ദരേഖയും പൊലീസിന് ലഭിച്ചതോടെ തട്ടപ്പിന്‍റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. ബവ്റേജസ് കോർപ്പറേഷൻ കൂടാതെ മറ്റ് സർക്കാർ സ്ഥാപനങ്ങളിലും ഇവർ നിയമന തട്ടിപ്പിന് ശ്രമിച്ചു എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

സിപിഐ നേതാവും കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോട് വാർഡിൽ സ്ഥാനാർത്ഥിയുമായിരുന്ന ടി.രതീഷ്, തിരുവനന്തപുരം ലോക്സഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ഷാജു പാലിയോട് എന്നിവരാണു മറ്റു പ്രതികൾ. തട്ടിപ്പിൽ കുരുങ്ങിയ ഇരുപതിലേറെപ്പേരിൽ ഭൂരിഭാഗവും ഡിവൈഎഫ്ഐ പ്രവർത്തകരാണ്.എന്നാൽ രാഷ്ട്രീയ സമ്മർദം മൂലം പലരും പരാതിപ്പെടാൻ തയാറാകുന്നില്ല.

തിരുപുറം സ്വദേശി എസ്.എസ്.അരുൺ നെയ്യാറ്റിൻകര പൊലീസിനു നൽകിയ മൊഴിയിൽ സംഘം ഏറെക്കാലമായി തട്ടിപ്പു നടത്തുകയാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. തന്‍റെ സഹോദരൻ ആദർശിന് സ്റ്റോർ അസിസ്റ്റന്റ് ജോലി വാങ്ങിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്തതു രതീഷാണെന്നു മൊഴിയിൽ പറയുന്നു. ഇതിനുവേണ്ടി 15 ലക്ഷം രൂപ ആവശ്യപ്പെട്ടു.ഉത്തരവ് വൈകിയപ്പോൾ രതീഷിനെ കണ്ടതിന് പിന്നാലെ സരിതാ നായർ നേരിട്ട് വിളിച്ചതായും പരാതയിൽ പറയുന്നു.കോവിഡ് ആയതിനാൽ ബവ്കോ ആസ്ഥാനത്ത് ജീവനക്കാർ കുറവായതിനാലാണു നിയമനം നടക്കാത്തതെന്നും ആരോഗ്യ വകുപ്പിൽ ഉൾപ്പെടെ പല സ്ഥാപനങ്ങളിലും തന്റെ നേതൃത്വത്തിൽ പിൻവാതിൽ നിയമനം നടക്കുന്നുണ്ടെന്നും സരിതാ നായർ
പറഞ്ഞു. ബെവ്കോയിലെ ഉദ്യോഗസ്ഥ മീനാകുമാരിക്ക് ഒന്നര ലക്ഷം രൂപയും മറ്റ് ഉദ്യോഗസ്ഥർക്ക് 2 ലക്ഷവും കൊടുക്കണമെന്നും തുക രതീഷിനെ ഏൽപിക്കണമെന്നും നിർദേശിച്ചു. ഗഡുക്കളായി 10.50 ലക്ഷം രൂപയാണു രതീഷ് കൈപ്പറ്റിയത്. സരിത നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ച് 95000 രൂപ എടിഎം വഴി അവരുടെ അക്കൗണ്ടിലേക്ക് അയച്ചു. പിന്നീടു സരിതയെ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തില്ലെന്നും അരുണിന്‍റെ പരാതയിൽ പറയുന്നു. ഉന്നതരായ ഇടത് നേതാക്കളുമായുളള ബന്ധം ഉപയോഗിച്ചാണ് സരിതാ നായർ നിയമ തട്ടിപ്പ് നടത്തിയത്. സരിതാ നായരെ രക്ഷിക്കാൻ ഉന്നത തല ഗൂഢാലോചന നടക്കുന്നുവെന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്.