എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവ്; അന്വേഷണ ചുമതല ജോയിന്‍റ്‌ ലാന്‍ഡ്‌ റവന്യൂ കമ്മീഷണർക്ക്

Jaihind News Bureau
Thursday, June 4, 2020

എറണാകുളം ജില്ലയിൽ ലക്ഷങ്ങളുടെ പ്രളയഫണ്ട് തട്ടിപ്പ് നടത്തിയ കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവായി. ലാന്‍ഡ്‌ റവന്യൂ കമ്മീഷണറേറ്റിലെ ജോയിന്‍റ്‌ ലാന്‍ഡ്‌ റവന്യൂ കമ്മീഷണറിനാണ് അന്വേഷണത്തിന്‍റെ ചുമതല. തട്ടിപ്പ് സംബന്ധിച്ച് നിലവില്‍ അന്വേഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥന്‍ മെയ് 31 ന് വിരമിച്ചിരുന്നു. പത്ത് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് റവന്യൂമന്ത്രിയുടെ നിര്‍ദേശം.

എറണാകുളം കളക്ടറേറ്റിലെ സെക്ഷൻ ക്ലാർക്ക് ആയിരുന്ന വിഷ്ണുപ്രസാദ് മുഖ്യസൂത്രധാരനായ തട്ടിപ്പില്‍ സിപിഎം പ്രാദേശിക നേതാക്കളടക്കം ഉള്‍പ്പെട്ടിരുന്നു.   വിഷ്ണുപ്രസാദിന്‍റെ സുഹൃത്ത് മഹേഷ്, മഹേഷിന്‍റെ ഭാര്യ നീതു,  സിപിഎം ലോക്കൽ കമ്മിറ്റി അംഗം നിഥിൻ, ഭാര്യ ഷിന്‍റു,  സി.പി.എം. തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എം.എം. അന്‍വര്‍, ഭാര്യ മുന്‍ അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൗലത്ത് എന്നിവരാണ് മറ്റ് പ്രതികള്‍.

കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് പ്രളയ ഫണ്ട് തട്ടിപ്പിൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്നതിന്‍റെ തെളിവുകളുമായി രംഗത്തു വന്നത്. സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്‍റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയാണ് പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയതെന്ന് ഗിരീഷ് – മുഖ്യമന്ത്രിക്കും, സഹകരണ വകുപ്പിനും നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ മൂന്നാം പ്രതിയും–തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ എം.എം.അൻവറിന് സഹകരണ ബാങ്കിൽ നിന്ന് പണം കൈമാറാൻ സമ്മർദ്ദം ചെലുത്തിയത് സക്കീർ ഹുസൈനാണെന്നും പരാതിയിൽ പറയുന്നുണ്ട്.

തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം.എം അൻവറിന്‍റെ അക്കൗണ്ടിലേക്കാണ് 5 തവണയായി 11 ലക്ഷം രൂപ എത്തിയതായി കണ്ടെത്തിയിരുന്നു. വിഷ്ണുപ്രസാദ് സ്വന്തം അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച പണവും ഗുണഭോക്താക്കള്‍ കളക്ടറേറ്റില്‍ തിരിച്ചടച്ച തുക വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തതും ഉള്‍പ്പെടെ ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് റവന്യൂ സംഘത്തിന്‍റെ കണ്ടെത്തല്‍.