‘100 വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞിട്ടും സര്‍ക്കാരിന് മറുപടിയില്ല’; പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി

Jaihind Webdesk
Tuesday, December 10, 2024

 

ബംഗളൂരു: വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വീട് നിർമിച്ച് നൽകാമെന്ന കർണാടകയുടെ വാഗ്ദാനത്തിൽ കേരള സർക്കാരിന്‍റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തിൽ കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്നാണ്  കത്തില്‍ സിദ്ധരാമയ്യ പറയുന്നത്.  വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച് നൽകാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്നും കത്തിൽ  വ്യക്തമാക്കുന്നുണ്ട്.

കേരള ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നു. വാഗ്ദാനം നടപ്പാക്കാൻ ഇപ്പോഴും തയ്യാര്‍ ആണെന്നും കത്തിൽ സിദ്ധരാമയ്യ ചൂണ്ടികാട്ടി. സര്‍ക്കാരിന് നൽകിയ വാഗ്ദാനത്തിൽ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇപ്പോഴും വീട് നിര്‍മിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്നും കത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കി.

വീട് നിർമിച്ച് നൽകാമെന്ന വാഗ്ദാനത്തിൽ കേരള, കർണാടക ചീഫ് സെക്രട്ടറിമാർ നേരത്തെ ചർച്ച നടത്തിയിരുന്നു. വീട് നിർമിച്ച് നൽകാനുള്ള സ്ഥലം സംബന്ധിച്ച് വിവരം അറിയിക്കാമെന്ന് അന്നത്തെ ചർച്ചയിൽ കേരള ചീഫ് സെക്രട്ടറി കർണാടകയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, വിവരം കൈമാറാൻ വൈകിയ സാഹചര്യത്തിലാണ് കർണാടക കത്തയച്ചിരിക്കുന്നത്.