Donald Trump| മാപ്പു പറഞ്ഞിട്ടും ബിബിസിയെ വിടാതെ ട്രംപ്; 500 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കും

Jaihind News Bureau
Sunday, November 16, 2025

വാഷിങ്ടണ്‍: തന്റെ പ്രസംഗം തെറ്റിദ്ധാരണയുണ്ടാക്കുംവിധം എഡിറ്റ് ചെയ്ത് ‘പനോരമ’ എന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തിയതിന് ബിബിസിക്കെതിരെ 500 കോടി ഡോളര്‍ (ഏകദേശം 44,344 കോടി രൂപ) വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസംഗം എഡിറ്റ് ചെയ്തതില്‍ ബിബിസി മാപ്പുപറഞ്ഞെങ്കിലും നഷ്ടപരിഹാരം നല്‍കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കം.

‘100 കോടി ഡോളറിനും 500 കോടി ഡോളറിനുമിടയിലുള്ള തുക ആവശ്യപ്പെട്ട് ഞങ്ങള്‍ കേസുകൊടുക്കും, മിക്കവാറും അടുത്തയാഴ്ച. അത് ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. വഞ്ചിച്ചെന്ന് അവര്‍ സമ്മതിക്കുകതന്നെ ചെയ്തു,’ ട്രംപ് പറഞ്ഞു. നേരത്തെ, 100 കോടി ഡോളര്‍ (ഏകദേശം 8,868 കോടി രൂപ) ആവശ്യപ്പെട്ട് കേസെടുക്കുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നത്. ഈ തുക ബിബിസിയുടെ വാര്‍ഷിക വരുമാനത്തിന്റെ 13 ശതമാനത്തോളം വരും. ബ്രിട്ടനിലെ ലൈസന്‍സ് ഫീസാണ് ബിബിസിയുടെ പ്രധാന ധനസ്രോതസ്സ്.

പ്രശ്‌നം അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറുമായി വിഷയം സംസാരിക്കുമെന്ന് ട്രംപ് അറിയിച്ചു. ‘ഈ വാരാന്ത്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വിളിക്കാന്‍ പോകുകയാണ്. അദ്ദേഹം എന്നെയാണ് വിളിക്കേണ്ടത്. പക്ഷേ, അദ്ദേഹത്തിന് വളരെ നാണക്കേടുണ്ട്,’ ട്രംപ് പറഞ്ഞു. അതേസമയം, ബിബിസിയുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമ്പോഴും ട്രംപിനെതിരേ നിലപാടെടുക്കാന്‍ സ്റ്റാമര്‍ ഇതുവരെ തയ്യാറായിട്ടില്ല.

2024-ല്‍ സംപ്രേഷണം ചെയ്ത ‘പനോരമ’ പരിപാടിയില്‍, 2021 ജനുവരി 6-ലെ കാപ്പിറ്റോള്‍ കലാപത്തിന് മുമ്പ് ട്രംപ് നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു. ട്രംപ് നേരിട്ട് കലാപത്തിന് ആഹ്വാനം ചെയ്തു എന്ന തെറ്റിദ്ധാരണ പരത്തുന്ന രീതിയിലായിരുന്നു ഈ എഡിറ്റിംഗ്. വിവാദം ശക്തമായതിനെ തുടര്‍ന്ന് ബിബിസി ഡയറക്ടര്‍ ജനറലും ന്യൂസ് സിഇഒയും രാജിവെച്ചിരുന്നു.