എഡിറ്റോറിയലിനു പുറമേ യെച്ചൂരിയുടെ അഭിമുഖത്തിലും തെറ്റായ പരാമർശം. വി.ബി പരമേശ്വരനെതിരെ നടപടിക്ക് സി.പി.എം; രക്ഷിക്കാൻ എം.വി ഗോവിന്ദൻ മാസ്റ്റർ രംഗത്ത്

Jaihind Webdesk
Tuesday, April 2, 2019

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പുവെന്ന് അഭിസംബോധന ചെയ്ത് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചതിന് പുറമേ സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിമുഖത്തിലും തെറ്റു വരുത്തിയ ദേശാഭിമാനിയിലെ മുതിർന്ന പത്രപ്രവർത്തകൻ വി.ബി പരമേശ്വരന് നേരെ നടപടിക്ക് ഒരുങ്ങി സി.പി.എം. കഴിഞ്ഞ ദിവസം സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് രാഹുൽ ഗാന്ധിയെ പപ്പുവെന്ന് വളിച്ച് അധിക്ഷേപിച്ചത്. ഇത് വലിയ തോതിൽ വിവാദമായതോടെ ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി.എം മനോജ് ഖേദപ്രകടനം നടത്തിയിരുന്നു.

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ‘കോൺഗ്രസ് തകർച്ച പൂർണ്ണമാക്കാൻ പപ്പു സ്‌ട്രൈക്ക് ‘ എന്ന പേരിലാണ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്. ഇത് എഴുതിയത് ദേശാഭിമാനിയിലെ മുതിർന്ന പത്രപ്രവർത്തകനും മുൻ ഡൽഹി ബ്യൂറോ ചീഫുമായ വി.ബി പരമേശ്വരനാണെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. എഡിറ്റോറിയലിനു പുറമേ ഈ മത്സരം ആരെ സഹായിക്കാൻ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലും വലിയ തെറ്റാണ് കടന്നു കൂടിയിട്ടുള്ളത്. രാജ്യത്ത് ബദൽ മതനിരപേക്ഷ സർക്കാരുകളുടെ ഗണത്തിൽ 1998 ലെ എൻ.ഡി.എ രൂപീകരണത്തെയും അതേത്തുടർന്നുണ്ടായ വാജ്‌പേയി സർക്കാരിനെയും യെച്ചൂരിയോടുള്ള ചോദ്യത്തിന് ഉത്തരമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിൽ ഗുരുതര പിഴവ് വരുത്തിയ പരമേശ്വരനെതിരെ കടുത്ത നടപടി വേണമെന്ന വാദമാണ് സി.പി.എമ്മിനുള്ളിൽ ഉയർന്നിട്ടുള്ളത്. ഇതേത്തുടർന്ന് പരമേശ്വരൻ നേരിട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് മാപ്പപേക്ഷ നടത്തിയിരുന്നു. ഇതിനു പുറമേ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുതിർന്ന നേതാവും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ചുമതലയും വഹിക്കുന്ന എം.വി ഗോവിന്ദൻ മാസ്റ്റർ ഇടപെട്ട് നടപടി മരവിപ്പിക്കാനുള്ള നീക്കവും തുടങ്ങിക്കഴിഞ്ഞു. ഇതിനെതിരെ സി.പി.എമ്മിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. നിർണായകമായ ലോക്‌സഭാ തെരെഞ്ഞെടുപ്പു നടക്കാനിരിക്കുന്ന വേളയിൽ പാർട്ടി ദേശീയ സെക്രട്ടറിയുടെ അഭിമുഖത്തിലും ഗുരുതര പിഴവ് വരുത്തിയ പരമേശ്വരനെതിരെ കടുത്ത നടപടി വേണമെന്നും വാദമുയരുന്നുണ്ട്.