പാക് അസംബ്ലിയിൽ നാടകീയ രംഗങ്ങൾ: അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിഷേധിച്ച് പ്രതിപക്ഷം

Jaihind Webdesk
Sunday, April 3, 2022

Imran-Khan-Pakistan

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നാടകീയ നീക്കങ്ങൾ. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഭരണഘടനയ്ക്ക് എതിരാണ് പ്രമേയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. സഭയില്‍ നിന്ന് സ്പീക്കര്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ഇതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ദേശീയ അസംബ്ലിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് താത്ക്കാലിക ആശ്വാസം നല്‍കുന്നതാണ് നടപടി.

വോട്ടെടുപ്പ് വേണ്ടെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി നിലപാടെടുക്കുകയായിരുന്നു. ദേശീയ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. പ്രതിപക്ഷാംഗങ്ങൾ സഭയ്ക്കുള്ളിൽ പ്രതിഷേധമുയർത്തി. ഇതിന് പിന്നാലെ സഭ പിരിച്ചുവിടുന്നതായി അറിയിച്ച് സ്പീക്കർ ഇറങ്ങിപ്പോവുകയായിരുന്നു.

അസംബ്ലിക്ക് പുറത്ത് സുരക്ഷാസേനയെ വിന്യസിച്ചിരുന്നു. ഇസ്‌ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി അസംബ്ലി സ്പീക്കർ അസദ് ഖൈസറിനെ പുറത്താക്കാനുള്ള പ്രമേയം പാക്കിസ്ഥാൻ പ്രതിപക്ഷ അംഗം അവതരിപ്പിച്ചു. സ്പീക്കർക്കെതിരായ പ്രമേയത്തിൽ പ്രതിപക്ഷത്തെ നൂറിലധികം എംഎൽഎമാരാണ് ഒപ്പിട്ടത്.

342 അംഗ ദേശീയ അസംബ്ലിയിൽ ഇമ്രാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫിന് (പിടിഐ) 155 അംഗങ്ങളാണുള്ളത്. അവിശ്വാസം വിജയിക്കാൻ 172 പേരുടെ പിന്തുണയായിരുന്നു ആവശ്യം. 2 ഘടകകക്ഷികൾ സർക്കാർ വിട്ടതോടെ പ്രതിപക്ഷസഖ്യം 175 പേരുടെ പിന്തുണ അവകാശപ്പെട്ടിരുന്നു. ഇമ്രാന്‍റെ പാര്‍ട്ടിയിലെ 24 വിമതരെ കൂട്ടാതെയാണിത്. എന്തായാലും അവിശ്വാസ വോട്ടെടുപ്പിന് അനുമതി നിഷേധിച്ചത് ഇമ്രാന് താല്‍ക്കാലിക ആശ്വാസമായിരിക്കുകയാണ്.