റോഡ് നിയമം പഠനവിഷയമാക്കും, പ്ലസ്ടുവിനൊപ്പം ലേണേഴ്സും; പദ്ധതിയുമായി ഗതാഗത വകുപ്പ്

Jaihind Webdesk
Saturday, September 17, 2022

തിരുവനന്തപുരം: പ്ലസ് ടു പാസാകുന്നതിനൊപ്പം ലേണേഴ്സ് ലൈസൻസ് നല്‍കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ഹയര്‍ സെക്കൻഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങൾ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. റോഡ് നിയമങ്ങളെപ്പറ്റി വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ അവബോധമുണ്ടാക്കുക, ലേണേഴ്സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതില്‍ നിലവിലുള്ള ക്രമക്കേടുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ്ഗതാഗതവകുപ്പിന്‍റെ നീക്കം.

മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച വിദ്യാഭ്യാസവകുപ്പിന് കൈമാറും. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കും. കേന്ദ്ര വാഹന ഗതാഗത നിയമത്തിലടക്കം മാറ്റം വരുത്തേണ്ടതുള്ളതിനാലാണിത്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ റോഡ് നിയമവും ഗതാഗത നിയമവും ഉള്‍പ്പെടെ പഠിപ്പിക്കുന്നതാണ് പദ്ധതി. ഇതനുസരിച്ച് പ്ലസ് ടു ജയിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കും. ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ കരിക്കുലം തയാറാക്കിക്കഴിഞ്ഞു. ഇത് ഗതാഗതമന്ത്രി ആന്‍റണി രാജു സെപ്റ്റംബർ 28 ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൈമാറും.