മുഖ്യമന്ത്രിയുടെ നീന്തല്‍ക്കുളത്തിനായി വീണ്ടും ലക്ഷങ്ങള്‍ അനുവദിച്ച് ടൂറിസം വകുപ്പ്; ഇതുവരെ ചെലവഴിച്ചത് 38.47  ലക്ഷം രൂപ

Thursday, May 18, 2023

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽക്കുളത്തിനായി വീണ്ടും ലക്ഷങ്ങള്‍ അനുവദിച്ച് സർക്കാർ. മൂന്നും നാലും ഘട്ട പരിപാലനത്തിനായി 7 ലക്ഷത്തോളം രൂപ കൂടി ടൂറിസം വകുപ്പ് അനുവദിച്ചതോടെ നീന്തല്‍ക്കുളത്തിനായി ഇതുവരെ ചെലവഴിച്ചത് 38.47  ലക്ഷം രൂപയായി. ഊരാളുങ്കലിനാണ് നീന്തൽക്കുളത്തിന്‍റെ നവീകരണ ചുമതല നൽകിയിരിക്കുന്നത്.

പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി ചെലവിട്ടത് 31,92, 360 രൂപയായിരുന്നു. കുളം നവീകരിച്ചെടുക്കാൻ ചെലവ് 18,06,789 രൂപയും മേൽക്കൂര പുതുക്കാനും പ്ലാന്‍റ് റൂം നന്നാക്കാനും 7,92,433 രൂപയും ചിലവഴിച്ചു. കൂടാതെ വാർഷിക അറ്റകുറ്റ പണികൾക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ മൂന്ന്, നാല് ഘട്ട പരിപാലനത്തിനായി 7.68 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുന്നത്. നീന്തൽകുളത്തിന്‍റെ ഒന്നാം ഘട്ട പരിപാലന പ്രവൃത്തികൾക്കായി 2,28,330 ലക്ഷം രൂപയും രണ്ടാം ഘട്ട പ്രവൃത്തികൾക്കായി 2,51,163 ലക്ഷം രൂപയും ഊരാളുങ്കലിനു നൽകി. നിയമസഭയില്‍ നിരവധി തവണ ചോദ്യം വന്നിരുന്നെങ്കിലും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇതിന് മറുപടി നല്‍കിയിരുന്നില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുമ്പോഴും ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിർമാണത്തിനും ലിഫ്റ്റ് പണിയുന്നതിനുമായി 70 ലക്ഷത്തോളം രൂപയും നേരത്തെ അനുവദിച്ചിരുന്നു. ക്ലിഫ് ഹൗസിന്‍റെ ചുറ്റുമതില്‍ നവീകരണത്തിനും തൊഴുത്ത് നിർമ്മാണത്തിനുമായി 42.50 ലക്ഷം രൂപയും ലിഫ്റ്റ് നിർമിക്കാനായി 25.50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. രണ്ട് നില മാത്രമുള്ള ക്ലിഫ് ഹൗസിലാണ് ലിഫ്റ്റിനുവേണ്ടി ലക്ഷങ്ങള്‍ അനുവദിച്ചത്.