കൊടിക്കുന്നില്‍ സുരേഷിന് പ്രോ ടെം സ്പീക്കര്‍ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധം: വി.ഡി. സതീശന്‍

Jaihind Webdesk
Friday, June 21, 2024

 

തിരുവനന്തപുരം: ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ഏറ്റവും മുതിര്‍ന്ന അംഗം കൊടിക്കുന്നില്‍ സുരേഷിന് പ്രോ ടെം സ്പീക്കര്‍ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മോദിക്കും ബിജെപിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും പാര്‍ലമെന്‍ററി കീഴ്വഴക്കങ്ങള്‍ ലംഘിക്കുന്നത് ജനവിധിയോടും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദളിത് വിഭാഗത്തില്‍പ്പെട്ട കൊടിക്കുന്നിലിനെ പ്രോ ടെം സ്പീക്കര്‍ ആക്കാത്ത നടപടി ബിജെപിയും സംഘപരിവാറും പിന്തുടരുന്ന വിഭാഗീയ രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നു കരുതേണ്ടി വരും. ജനങ്ങള്‍ തിരിച്ചടി നല്‍കിയിട്ടും ജനാധിപത്യത്തെയും ഭരണഘടനയെയും ബിജെപിയും മോദിയും അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ല. കൊടിക്കുന്നില്‍ സുരേഷിനോട് കാട്ടിയ അനീതി കേരളത്തോടുള്ള ബിജെപിയുടെ അവഗണനയും അവഹേളനവുമാണ്. ബിജെപിയുടെ ദളിത് വിരുദ്ധ മുഖമാണ് ഒരിക്കല്‍ കൂടി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ പറഞ്ഞു.