തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ജനാധിപത്യവിരുദ്ധമെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായത് കൊണ്ട് ബിസിസി ലോകവ്യാപകമായി പ്രദർശിപ്പിച്ച ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ അനുദിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് ജനാധിപത്യ വിരുദ്ധവും അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള വെല്ലുവിളിയുമാണ്.
ഇന്ത്യ എന്നും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണ്. ഡോക്യുമെന്ററിയുടെ പ്രദർശനം തടയുമെന്ന ഭീഷണി ശരിയല്ല.
ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദി – അമിത് ഷാമാരുടെ പങ്ക് ലോകത്തിൽ എല്ലാ പേർക്കും ബോധ്യമുള്ള കാര്യമാണ്. അത് എത്ര മറച്ചുപിടിച്ചാലും മൂടിവെക്കാൻ കഴിയില്ല. എത്ര ഭീഷണി ഉയർന്നാലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുക തന്നെ വേണമെന്നും പ്രദർശനത്തെ പൂർണ്ണമായും പിന്തുണക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.