ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം തെരുവുകളില്‍ ആരംഭിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ആഗസ്റ്റ് 17 മുതല്‍ ബിഹാര്‍ എസ്ഐആര്‍ റദ്ദാക്കലുും വോട്ട് ചോരിക്കെതിരായ പോരാട്ടത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റുന്നതിനുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യും ഇന്ത്യാ പാര്‍ട്ടികളും ബീഹാറിലുടനീളം വമ്പിച്ച വോട്ട് അധികാര്‍ യാത്ര ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ വോട്ടര്‍ പട്ടിക ക്രമക്കേട് വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ പലവിധ പ്രതിഷേധങ്ങളാണ് രാജ്യത്ത് അലയടിക്കുന്നത്. രാജ്യതലസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് കേന്ദ്ര സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് തടയുകയായിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.