രാജ്യത്തെ ജനാധിപത്യം അപകടത്തില്‍; മണിപ്പൂരില്‍ കേന്ദ്രത്തിന്‍റേത് കുറ്റകരമായ മൗനം: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Monday, July 17, 2023

 

ബംഗളുരു: ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലെന്ന് എഐസിസി ജനൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും കുറ്റകരമായ മൗനമാണ് തുടരുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാർ പ്രതിപക്ഷത്തെ അടിച്ചമർത്തുകയാണ്. ജനത്തിന്‍റെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ പദ്ധതികളില്ലെന്നും ജനം മറുപടി നൽകുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

‘യുണൈറ്റഡ് വി സ്റ്റാൻ‍ഡ്’ (ഞങ്ങളൊരുമിച്ച്) എന്ന ഐക്യ മുദ്രാവാക്യമുയർത്തി ബംഗളുരുവില്‍ ഇന്ന് ആരംഭിക്കാനിരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സമ്മേളനത്തിന് മുന്നോടിയായി ബംഗളുരുവില്‍ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണ്ണാടക ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായ ഡി.കെ ശിവകുമാർ, മാധ്യമവിഭാഗത്തിന്‍റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്, പവന്‍ ഖേര തുടങ്ങിയവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ബിജെപിക്കെതിരെ വിശാല സഖ്യം എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നും നാളെയുമായി ബംഗളുരുവിൽ ചേരുന്നത്. 26 പാർട്ടികൾ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് ആറ് മണി മുതൽ എട്ട് മണി വരെ ആദ്യയോഗം നടക്കും. നാളെ രാവിലെ 11 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് പ്രധാന യോഗം. പ്രതിപക്ഷത്തിന്‍റെ രണ്ടാമത്തെ യോഗമാണ് ബംഗളൂരുവിലേത്. പട്‌നയിലായിരുന്നു ആദ്യ യോഗം.