വില്ലനായി കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ; മാരകം, തീവ്ര വ്യാപനശേഷി; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

Jaihind Webdesk
Monday, June 14, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കണ്ടെത്തിയ മാരക പ്രഹരശേഷിയുള്ള കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദത്തിന് വീണ്ടും മാറ്റം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഡെല്‍റ്റ പ്ലസ് എന്ന  പുതിയ വകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. തീവ്ര വ്യാപനശേഷിയും മാരക പ്രഹരശേഷിയുമുള്ള പുതിയ വകഭേദത്തിനെതിരെ കാര്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഏപ്രില്‍ ഒന്നിന് ശേഷം രാജ്യത്ത് ഇതുവരെ 2.1 ലക്ഷം കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതായത് ആറാഴ്ചയ്ക്കിടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇരട്ടിയായി ഉയര്‍ന്നു.  കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം മരണനിരക്കില്‍ 19 ശതമാനത്തിന്‍റെ വര്‍ധനവാണ് രാജ്യത്ത് ഉണ്ടായത്. ചില സംസ്ഥാനങ്ങളില്‍ പഴയ മരണനിരക്കുകൂടി ചേര്‍ത്തതാണ് ഇത്തരത്തില്‍ മരണ സംഖ്യ കൂടാന്‍ കാരണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. നാല് സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും മരണം ഇരട്ടിയായി. ഏപ്രില്‍ ഒന്നിന് ശേഷം റിപ്പോര്‍ട്ട് ചെയ്തതില്‍ 1.18 ലക്ഷം മരണങ്ങളും മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്.

അതേസമയം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദമാണെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. അതീവ വ്യാപനശേഷിയും പ്രഹരശേഷിയുമുള്ള വകഭേദത്തിനെതിരെ കര്‍ശന ജാഗ്രതയും മുന്‍കരുതലും ആവശ്യമാണ്. പുറത്തുപോയിവരുന്നവര്‍ വീട്ടിനുള്ളിലും മാസ്ക് ധരിക്കേണ്ടതുണ്ടെന്നും ശാരീരിക അകലം, സാനിറ്റൈസേഷന്‍ തുടങ്ങിയവ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ ഡെല്‍റ്റ പ്ലസ് വകഭേദവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.