ആശങ്കയുടെ ഡെല്‍റ്റ പ്ലസ്; രാജ്യത്ത് നാല്‍പ്പതിലേറെ വകഭേദങ്ങള്‍; മാരകം, തീവ്ര വ്യാപനശേഷി

Jaihind Webdesk
Wednesday, June 23, 2021

ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം തരംഗത്തിന്‍റെ വ്യാപനം കുറയുന്നതിന്‍റെ ആശ്വാസത്തിലേക്ക് രാജ്യം എത്തുന്നതിന് മുമ്പ് കടുത്ത ആശങ്കയായി കൂടുതല്‍ മാരകവും തീവ്രവ്യാപനശേഷിയുമുള്ള ഡെല്‍റ്റ പ്ലസ് വകഭേദങ്ങള്‍. രാജ്യത്ത് നാല്‍പ്പതിലധികം പുതിയ ഡെല്‍റ്റ പ്ലസ് വകേഭദമാണ് കണ്ടെത്തിയിട്ടുള്ളത്. മൂന്നാം തരംഗം ഉണ്ടായാല്‍ മാരക പ്രഹരമേല്‍പ്പിക്കാന്‍ കഴിവുള്ളവയാണ് ഡെല്‍റ്റ പ്ലസ് വകഭേദം എന്നതാണ് ആശങ്കയുണര്‍ത്തുന്നത്.

ഡെല്‍റ്റ പ്ലസ് വകഭേദം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന്‍റെ പരിവര്‍ത്തന രൂപം ഈ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആശങ്കയുടെ വകഭേദമെന്നാണ് സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഡെല്‍റ്റ പ്ലസ് വകഭേദങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. കേരളത്തില്‍ പത്തനംതിട്ടയിലും പാലക്കാടുമാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്.

മഹാരാഷ്ട്ര – 21, മധ്യപ്രദേശ് – 6 കേരളം, തമിഴ്‌നാട് – 3, കര്‍ണാടക – 2, പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഡെല്‍റ്റ പ്ലസ് വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ രത്‌നഗിരി, ജല്‍ഗാവ് എന്നിവിടങ്ങളിലും മധ്യപ്രദേശിലെ ഭോപ്പാലിലും ശിവ്പുരിയിലുമാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ കൂടുതല്‍ മാരകമായത് ഡെല്‍റ്റ പ്ലസ് വകഭേദമായിരുന്നു. ഈ ഘട്ടം മുതല്‍ തന്നെ കര്‍ശന ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മൂന്നാം തരംഗം ഉണ്ടായാല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ ഭയാനകമായേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.