ഡല്‍ഹിയിലെ ‘ആള്‍ദൈവം’ സ്വാമി ചൈതന്യാനന്ദ സരസ്വതി ആഗ്രയില്‍ അറസ്റ്റില്‍: ഇന്‍സ്റ്റിട്യൂട്ടിലെ 17 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന് ആരോപണം

Jaihind News Bureau
Sunday, September 28, 2025

ഡല്‍ഹിയിലെ ശ്രീ ശാരദ  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറും ആത്മീയ നേതാവുമായ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ ലൈംഗിക പീഡനത്തിനും സാമ്പത്തിക തട്ടിപ്പിനും കേസെടുത്ത് ദിവസങ്ങള്‍ക്ക് ശേഷം ആഗ്രയിലെ ഒരു ഹോട്ടലില്‍ നിന്ന് പുലര്‍ച്ചെ 3:30-യോടെ അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ ഇദ്ദേഹത്തെ ഏറെനാളത്തെ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്.

ഡല്‍ഹിയിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ്-റിസര്‍ച്ചിന്റെ ഡയറക്ടറായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഒട്ടേറെ വിദ്യാര്‍ത്ഥിനികള്‍ പരാതി ഉന്നയിച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിലെ (EWS) 17ലധികം വിദ്യാര്‍ത്ഥിനികള്‍ നേരിട്ടു പരാതി നല്‍കി. വിദ്യാര്‍ത്ഥിനികളുടെ നീക്കങ്ങള്‍ ഫോണ്‍ വഴി നിരീക്ഷിച്ചിരുന്നതായും ആരോപണമുണ്ട്. അശ്‌ളീല ഭാഷ ഉപയോഗിച്ചു, അനുവാദമില്ലാതെ സ്പര്‍ശിച്ചു, അശ്ലീല സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്. ആരോപണങ്ങളെ തുടര്‍ന്ന് ശൃംഗേരി മഠം ഭരണകൂടം പാര്‍ത്ഥസാരഥി എന്നും അറിയപ്പെടുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇയാള്‍ രാജ്യം വിട്ട് പുറത്തുപോകാതിരിക്കാന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

62 വയസ്സുകാരനായ ഈ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തെ ആഗ്രയില്‍ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ശ്രീ ശൃംഗേരി മഠം ഭരണകൂടം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പാര്‍ത്ഥസാരഥിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു. 2024 ഡിസംബറില്‍ നടത്തിയ പ്രാഥമിക ഓഡിറ്റില്‍ ശ്രീ ശാരദ പീഠത്തിന്റെ സ്വത്തുക്കളിലും ഫണ്ടുകളിലും തട്ടിപ്പും തിരിമറിയും കണ്ടെത്തിയിരുന്നു. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം, ഒളിവില്‍ പോവുകയും ബാങ്കില്‍ നിന്ന് ഏകദേശം 55 ലക്ഷം രൂപ പിന്‍വലിക്കുകയും മറ്റൊരു പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് സമ്പാദിക്കുകയും ചെയ്തതായി ശൃംഗേരി മഠവും പോലീസും കോടതിയെ അറിയിച്ചു. പീഠത്തിന്റെ ഏകദേശം 20 കോടി രൂപയുടെ സ്വത്തുക്കളും ഫണ്ടുകളും ഇദ്ദേഹം ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്നു.