വിഷപ്പുകയില്‍ മുങ്ങി രാജ്യ തലസ്ഥാനം; വായു ഗുണനിലവാര സൂചിക 342 കടന്നു, ആരോഗ്യ മുന്നറിയിപ്പ്

Jaihind News Bureau
Tuesday, December 9, 2025

 

ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ചൊവ്വാഴ്ചയും നഗരത്തിലെ പല ഭാഗങ്ങളിലും വായുവിന്റെ ഗുണനിലവാര സൂചിക ‘വളരെ മോശം’ വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്. മലിനീകരണത്തിന്റെ ഭാഗമായി ഐ.ടി.ഒ. മേഖല ഉള്‍പ്പെടെ പല പ്രദേശങ്ങളെയും വിഷപ്പുകയുടെ നേരിയ പാളി മൂടി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം, ബവാന (342), ചാന്ദിനി ചൗക്ക് (333), ആനന്ദ് വിഹാര്‍ (319), ഗാസിപൂര്‍ (319), ദ്വാരക (314), അശോക് വിഹാര്‍ (305) എന്നിവിടങ്ങളിലെല്ലാം എ.ക്യു.ഐ. 300-ന് മുകളിലായി. ഐ.ടി.ഒ. മേഖലയില്‍ 294, ഇന്ത്യാ ഗേറ്റിനും കര്‍ത്തവ്യ പഥിനും ചുറ്റും 265 എന്നിങ്ങനെയാണ് എ.ക്യു.ഐ. രേഖപ്പെടുത്തിയത്. ഈ കണക്കുകള്‍ ‘മോശം’ വിഭാഗത്തില്‍പ്പെടുന്നു.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വര്‍ഗ്ഗീകരണം അനുസരിച്ച്, 301 മുതല്‍ 400 വരെയുള്ള ‘വളരെ മോശം’ എന്ന നില ജനങ്ങളുടെ ആരോഗ്യത്തിന് വലിയ ദോഷമുണ്ടാക്കുന്ന അവസ്ഥയാണ് സൂചിപ്പിക്കുന്നത്. കൂടാതെ, 201 മുതല്‍ 300 വരെ രേഖപ്പെടുത്തുന്ന ‘മോശം’ വിഭാഗത്തിലും വായു മലിനീകരണം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. കുട്ടികള്‍, പ്രായമായവര്‍, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയ സെന്‍സിറ്റീവ് ഗ്രൂപ്പുകള്‍ക്ക് ‘തൃപ്തികരമായ’ (51100) വിഭാഗത്തില്‍ പോലും നേരിയ അസ്വസ്ഥത അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.