ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷം; ഡല്‍ഹി-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; വലഞ്ഞ് മലയാളികള്‍

Jaihind News Bureau
Friday, December 19, 2025

 

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് വായുമലിനീകരണവും പുകമഞ്ഞും അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നതോടെ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കി. ഇതോടെ വിദേശങ്ങളില്‍ നിന്നടക്കം എത്തിയ നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കാന്‍ എയര്‍ ഇന്ത്യ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങാനാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ടിക്കറ്റ് തുക ഏഴ് ദിവസത്തിനകം റീഫണ്ട് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പെട്ടെന്നുണ്ടായ പ്രതിസന്ധിയില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് യാത്രക്കാര്‍. ഡല്‍ഹി വഴി കണക്ഷന്‍ ഫ്‌ലൈറ്റുകളില്‍ തിരുവനന്തപുരത്തേക്ക് പോകാനിരുന്ന വിദേശ മലയാളികളും ഇതോടെ ദുരിതത്തിലായി.

മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭാരത് സ്റ്റേജ് ആറിന് താഴെയുള്ള വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഇത് പരിശോധിക്കാന്‍ അതിര്‍ത്തികളില്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സാധുവായ മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കില്ല. റോഡ്-വ്യോമ ഗതാഗതം ഒരുപോലെ തടസ്സപ്പെട്ടതോടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള മറ്റ് നിരവധി സര്‍വീസുകളും മണിക്കൂറുകളോളം വൈകുകയാണ്.