
ഡല്‍ഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥം’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രവീണ്‍ ഖണ്ഡേവാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു. ഡല്‍ഹിയുടെ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ചരിത്രത്തെയും, പാണ്ഡവര്‍ സ്ഥാപിച്ച ‘ഇന്ദ്രപ്രസ്ഥ’ നഗരത്തിന്റെ പാരമ്പര്യത്തെയും വീണ്ടെടുക്കുന്നതിനായി പേര് മാറ്റം അത്യാവശ്യമാണെന്നാണ് ആവശ്യം.
നഗരത്തിന്റെ പേരിന് പുറമെ, ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനെ ‘ഇന്ദ്രപ്രസ്ഥ ജംഗ്ഷന്‍’ എന്നും, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ ‘ഇന്ദ്രപ്രസ്ഥ വിമാനത്താവളം’ എന്നും പുനര്‍നാമകരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഡല്‍ഹിയിലെ പ്രധാന സ്ഥലങ്ങളില്‍ പാണ്ഡവരുടെ വലിയ പ്രതിമകള്‍ സ്ഥാപിക്കണമെന്നും കത്തില്‍ പറയുന്നു.
വിശ്വ ഹിന്ദു പരിഷത്തും പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഡല്‍ഹിയെ ‘ഇന്ദ്രപ്രസ്ഥം’ എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഡല്‍ഹി സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയ്ക്ക് കത്തെഴുതി. ഡല്‍ഹിക്ക് ഏകദേശം 2,000 വര്‍ഷത്തെ ചരിത്രമാണ് പറയുന്നതെങ്കില്‍, ‘ഇന്ദ്രപ്രസ്ഥം’ എന്ന പേര് 5,000 വര്‍ഷത്തെ മഹത്തായ ചരിത്രവുമായി രാജ്യത്തെ ബന്ധിപ്പിക്കുമെന്ന് വിഎച്ച്പി വാദിക്കുന്നു. മുസ്ലീം അധിനിവേശക്കാരുടെ സ്മാരകങ്ങള്‍ ഉള്ളിടങ്ങളിലെല്ലാം പാണ്ഡവ കാലഘട്ടത്തിലെ ഹിന്ദു വീരന്മാരെയും സ്ഥലങ്ങളെയും പരിചയപ്പെടുത്തണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിട്ടുണ്ട്.