ഡൽഹി കലാപം: അനുബന്ധ കുറ്റപത്രത്തില്‍ ആർഎസ്എസും

Jaihind News Bureau
Wednesday, October 7, 2020

 

ഡൽഹി കലാപത്തിൽ ആർഎസ്എസിന്‍റെ പേര് പരാമർശിച്ച് ഡൽഹി പൊലീസിന്‍റെ പുതിയ കുറ്റപത്രം. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി മതാടിസ്ഥാനത്തിൽ വിദ്വേഷം പരത്തിയെന്നും കലാപം ആസൂത്രണം ചെയ്തെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഖട്ടർ ഹിന്ദു ഏകത എന്ന വാട്‌സ്ആപ്പ് ഗ്രുപ്പിന്‍റെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ഡൽഹി കലാപത്തിൽ ഗോകുൽപുരിയിൽ ഹാഷിം അലി, ആമിർ ഖാൻ അടക്കം 9 മുസ്ലിം യുവാക്കളെ തെരുവിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അനുബന്ധ കുറ്റപത്രത്തിലാണ് ഡൽഹി പൊലീസ് ആർഎസ്എസിന്‍റെ പേര് പരാമർശിച്ചിരിക്കുന്നത്. ഖട്ടർ ഹിന്ദു ഏകത എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ആർഎസ്എസ് നേതാക്കളുടെ സഹായം കലാപകരികൾക്ക് ലഭിച്ചു എന്ന് കുറ്റപത്രം പറയുന്നു. ഫെബ്രുവരി 25 നാണ് ഇത്തരത്തിൽ വാട്സ്ആപ്പ് ഗ്രുപ്പ് രൂപീകരിച്ചത്. ഈ ഗ്രൂപ്പ് വഴി മതത്തിന്‍റെ അടിസ്ഥാനത്തിൽ വിദ്വേഷം പ്രചരിപ്പിച്ചു. ബിജെപി നേതാവ് കപിൽ മിസ്രയുടെ വിവാദ പരാമർശത്തെ അനുകൂലിക്കുന്ന പോസ്റ്റുകളും ഗ്രുപ്പ് വഴി പ്രചരിച്ചു.

വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസേജുകളുടെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.  കുറ്റപത്രത്തിൽ 9 പ്രതികളുടെ പേരുകളാണ് ഡൽഹി പൊലീസ് പരാമർശിക്കുന്നത്. ഗോകുൽപുരിയിലെ മുസ്ലിം പൗരന്മാരെ കൊല്ലാൻ വാട്സ് ആപ്പ് ഗ്രൂപ്പ് വഴി കൃത്യമായി പദ്ധതി തയാറാക്കി, ആയുധങ്ങൾ എത്തിച്ചു, കലാപം അഴിച്ചു വിട്ടു എന്നിങ്ങനെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സെപ്റ്റംബർ 26 ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പുരുഷോത്തം പാഥകിന് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

നേരത്തെ കലാപവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെ ഉള്ളവരുടെ പേരുകൾ പരാമർശിച്ചിരുന്നു. ഇതിൽ വലിയ വിമർശനം ഡൽഹി പൊലീസിന് എതിരെ ഉണ്ടായി. തുടർന്നാണ് ഇപ്പോൾ അനുബന്ധ കുറ്റപത്രത്തിൽ ആർഎസ്എസിന്‍റെ പേര് ഡൽഹി പൊലീസ് പരാമർശിക്കുന്നത്.