ഡല്‍ഹികലാപം: നിയമമന്ത്രി കപില്‍ മിശ്രയ്ക്ക് എതിരേ കേസെടുക്കാന്‍ ദില്ലി കോടതി ഉത്തരവ്

Jaihind News Bureau
Tuesday, April 1, 2025

പൗരത്വ നിയമഭേദഗതി വിഷയത്തില്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപത്തില്‍ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് എതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ദില്ലിയിലെ കോടതി ഉത്തരവിട്ടു. ഡല്‍ഹി മന്ത്രിസഭയില്‍ നിയമമന്ത്രിയാണ് കപില്‍ മിശ്ര നിലവില്‍. തെളിവുകളുടെ അടിസ്ഥാനത്തില്‍ മന്ത്രി കപില്‍ മിശ്രയ്ക്ക് എതിരേ കേസെടുക്കാനാകുമെന്ന് കോടതി കണ്ടെത്തി.

2020 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടാണ് കേസ്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ കപില്‍ മിശ്രയ്ക്ക് പങ്കില്ലെന്ന് കാണിച്ച് ദില്ലി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് . കുറ്റകൃത്യം നടന്ന സമയത്ത് കപില്‍ മിശ്ര പ്രദേശത്തുണ്ടായിരുന്നുവെന്ന് വ്യക്തമാണെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. യമുന വിഹാര്‍ നിവാസിയായ മുഹമ്മദ് ഇല്യാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

പൗരത്വ നിയമഭേദഗതിയെ ചൊല്ലിയുള്ള സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് ഡല്‍ഹിയില്‍ കലാപം ഉണ്ടായത്. സംഘര്‍ഷത്തിനിടെ മൗജ്പുരിയില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. കലാപത്തില്‍ 53 പേര്‍ മരിക്കുകയും 500-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു. കപില്‍ മിശ്രയാണ് ആകമണത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
………………..