ഡല്‍ഹി കലാപം : മരണം 42 ആയി ; സ്ഥിതിഗതികള്‍ ശാന്തമാകുന്നു, നിയന്ത്രണങ്ങളില്‍ ഇളവ്

ന്യൂഡല്‍ഹി : വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ മരണം 42 ആയി. നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും പ്രദേശത്ത് അതീവ സുരക്ഷ തുടരുന്നുണ്ട്. നിരോധനാജ്ഞയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇന്നും ഇളവുകൾ ഏർപ്പെടുത്തും. കഴിഞ്ഞ ദിവസവും നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏർപ്പെടുത്തിയിരുന്നു. സ്ഥിതിഗതികൾ ശാന്തമായി തുടർന്നാൽ ഒരാഴ്ചക്ക് ശേഷം സേനയെ പിൻവലിക്കാനായേക്കും.

സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഡൽഹി വനിതാ കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടു. ബുധനാഴ്ചയ്ക്കകം റിപ്പോർട്ട്‌ നൽകണം. വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ കലാപത്തിന് ഇരകളായവരെ കണ്ടു. അക്രമവുമായി ബന്ധപ്പെട്ട് 623 പേർ അറസ്റ്റിലായെന്നും 123 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായും ഡല്‍ഹി പോലീസ് അറിയിച്ചു. വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.

അതിനിടെ ഡല്‍ഹി പൊലീസ് സ്പെഷ്യൽ കമ്മീഷണറായി കഴിഞ്ഞ ദിവസം നിയമിച്ച എസ്.എൻ ശ്രീവാസ്തവയെ കമ്മീഷണറായി നിയമിച്ചു. നിലവിലെ കമ്മീഷണർ അമൂല്യ പട്നായിക് കലാപം കൈകാര്യം ചെയ്ത രീതിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. അമൂല്യ പട്നായിക്കിന്‍റെ കാലാവധി നാളെ അവസാനിക്കും.

അതേസമയം കലാപത്തിന് ശമനം വന്നതോടെ ജനങ്ങൾ പുറത്തിറങ്ങിത്തുടങ്ങി. കലാപം ബാധിച്ചവർക്കായി 9 പുനരധിവാസ കേന്ദ്രങ്ങൾ ഡൽഹി സർക്കാർ തുറന്നു. അർധ സൈനിക വിഭാഗവും, ഡൽഹി പോലീസും ഇന്നും ഫ്ലാഗ് മാർച്ചുകൾ നടത്തും. കലാപത്തില്‍ ഗുരുതര പരിക്കുകളുമായി നിരവധി പേ‍ർ ഇപ്പോഴും വിവിധ ആശുപത്രികളിൽ തുടരുകയാണ്.

Comments (0)
Add Comment