ഡല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി

Jaihind News Bureau
Thursday, December 11, 2025

 

ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 2020 ലെ ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് അഞ്ചുവര്‍ഷത്തിലധികമായി ഉമര്‍ ഖാലിദ് ജയിലില്‍ കഴിയുകയായിരുന്നു. സഹോദരിയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായാണ് കോടതി ജാമ്യം നല്‍കിയത്. ഈ മാസം 16 മുതല്‍ 29 വരെയാണ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്.

കര്‍ശനമായ നിബന്ധനകളോടെയാണ് ജാമ്യം. ജാമ്യക്കാലയളവില്‍ വീട്ടിലും വിവാഹ ചടങ്ങ് നടക്കുന്നിടത്തും മാത്രമേ പോകാന്‍ പാടുള്ളൂ. കൂടാതെ, ബന്ധുക്കളെയല്ലാതെ മറ്റാരെയും കാണാന്‍ പാടില്ല എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2020 സെപ്റ്റംബറില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ അടക്കമുള്ള കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, ഉമര്‍ ഖാലിദിന്റെ സ്ഥിരം ജാമ്യത്തിനായുള്ള അപേക്ഷയില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കുകയും വിധി പറയാന്‍ മാറ്റിവെക്കുകയും ചെയ്തിരുന്നു. സ്ഥിരം ജാമ്യത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.