സ്കോർപിയോയുടെ ബോണറ്റിലിരുന്ന് സ്പൈഡർമാന്‍റെ കറക്കം; ഒടുവില്‍ ഡല്‍ഹി പോലീസിന്‍റെ ‘വലയില്‍’ കുരുങ്ങി, 26,000 രൂപ പിഴയും | VIRAL VIDEO

Jaihind Webdesk
Thursday, July 25, 2024

 

ന്യൂഡല്‍ഹി: സ്കോർപിയോയുടെ ബോണറ്റിലിരുന്ന് നഗരം ചുറ്റിയ സ്പൈഡർമാനെ വലയിലാക്കി ഡല്‍ഹി ട്രാഫിക് പോലീസ്. ആവേശം മൂത്ത് സ്പൈഡർമാന്‍റെ വേഷമിട്ട് കാറിന്‍റെ ബോണറ്റിലിരുന്ന് ചുറ്റിയടിച്ച ഇരുപതുകാരനാണ് പിടിയിലായത്. നജഫ്ഗഡ് സ്വദേശി ആദിത്യയാണ് സ്പൈഡർമാന്‍റെ വേഷത്തിൽ നഗരം ചുറ്റിയത്. കാറോടിച്ച സുഹൃത്ത് ഗൗരവ് സിംഗിനെയും (19) പോലീസ് കസ്റ്റഡിയിലെടുത്തു. സ്പൈഡർമാന്‍റെയും കൂട്ടുകാരന്‍റെയും യാത്രയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.  ഇതില്‍ പരാതികളും ലഭിച്ചതോടെയാണ് ട്രാഫിക് പോലീസ് നടപടിയെടുത്തത്.

ഗതാഗത നിയമലംഘനങ്ങള്‍ ചുമത്തി 26,000 രൂപയാണ് സ്പൈഡർമാനും കൂട്ടുകാരനും പിഴ ഈടാക്കി. പുക സർട്ടിഫിക്കറ്റില്ല, സീറ്റ് ബെൽറ്റിട്ടിട്ടില്ല, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകളിലാണ് 26,000 രൂപ പിഴ. റോഡില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്നും ട്രാഫിക് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിലില്‍ സ്പൈഡർമാന്‍റെ വേഷത്തില്‍ ബൈക്കില്‍ നഗരം ചുറ്റിയ യുവാവിനെയും യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.